തിരുവനന്തപുരം: പുതുതായി വാങ്ങിയ കെഎസ്ആർടിസി ബസുകൾ കേന്ദ്രസർക്കാരിന്റെ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടു. ഇവയ്ക്ക് രജിസ്ട്രേഷൻ നൽകുന്നതിനായി സംസ്ഥാന സർക്കാർ വാഹന രജിസ്ട്രേഷൻ നിയമങ്ങളിൽ ആറ് മാസത്തേക്ക് ഇളവ് അനുവദിച്ചു. ബസ് ബോഡി കോഡ് (AIS 153) നടപ്പാക്കുന്നത് താൽക്കാലികമായി മാറ്റിവെക്കാനാണ് തീരുമാനം.
ഈ ഇളവ് സ്വകാര്യ ബസുകൾക്കും ബാധകമാകും.കേന്ദ്ര മോട്ടോർ വാഹന നിയമപ്രകാരം, 2025 ഓഗസ്റ്റിന് ശേഷം നിർമ്മിക്കുന്ന എല്ലാ ബസുകൾക്കും ബസ് ബോഡി കോഡ് നിർബന്ധമാണ്. ബസിന്റെ നിർമ്മാണ നിലവാരം, ഘടനാപരമായ സുരക്ഷ, ശബ്ദം, വൈബ്രേഷൻ, ബ്രേക്കിംഗ് പ്രകടനം എന്നിവയെല്ലാം കേന്ദ്ര ഏജൻസികൾ പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകണമെന്നാണ് ചട്ടം. കെഎസ്ആർടിസി പുതുതായി വാങ്ങിയ 25-ഓളം ബസുകൾ ഈ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് രജിസ്ട്രേഷൻ മുടങ്ങിയത്.ബസ് ബോഡി കോഡ് നിർബന്ധമാക്കുമെന്ന് അറിവുണ്ടായിട്ടും, കെഎസ്ആർടിസി പഴയ മോഡൽ ബസുകൾ വാങ്ങിയെന്നാണ് റിപ്പോർട്ടുകൾ.
കേന്ദ്ര സർട്ടിഫിക്കേഷൻ ഇല്ലാത്ത നിർമ്മാതാക്കളിൽ നിന്നാണ് ബസുകൾ വാങ്ങിയത്. പുതിയ നിയമം വരുന്നതിന് മുൻപ്, വിറ്റഴിയാത്ത പഴയ സ്റ്റോക്കുകൾ ഒഴിവാക്കാൻ നിർമ്മാതാക്കൾ നൽകിയ വൻ വിലക്കിഴിവുകളാണ് ഇതിന് പിന്നിലെന്നും സൂചനയുണ്ട്.അതേസമയം, ബസ് ബോഡി കോഡ് പൂർണമായി നടപ്പാക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും രാജ്യത്തെ മറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷനുകളും സമാനമായ വെല്ലുവിളികൾ നേരിടുന്നുണ്ടെന്നുമാണ് കെഎസ്ആർടിസിയുടെ വാദം.














