തിരുവനന്തപുരം: ഓൺലൈൻ ഷോപ്പിംഗ് സൈറ്റായ മീഷോയുടെ പേരിൽ പുതിയ തട്ടിപ്പ് വ്യാപകമാകുന്നു. ഐഫോൺ പോലുള്ള വിലകൂടിയ സമ്മാനങ്ങൾ വാഗ്ദാനം ചെയ്യുന്ന വ്യാജ ലിങ്കുകൾ വാട്സ്ആപ്പ് വഴി പ്രചരിപ്പിച്ചാണ് തട്ടിപ്പ്. ഇതൊരു ഫിഷിംഗ് തട്ടിപ്പാണെന്നും ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് പണവും വ്യക്തിഗത വിവരങ്ങളും നഷ്ടപ്പെടാൻ ഇടയാക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.അജ്ഞാത ഉറവിടങ്ങളിൽ നിന്ന് ലഭിക്കുന്ന ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ മറ്റുള്ളവർക്ക് പങ്കുവെക്കുകയോ ചെയ്യരുത്. ലിങ്കുകൾ തുറക്കുന്നത് ബാങ്കിംഗ് വിവരങ്ങൾ, കാർഡ് നമ്പറുകൾ, ഒടിപി എന്നിവ തട്ടിപ്പുകാർക്ക് ലഭിക്കാൻ കാരണമാകും.
പ്രമുഖ ബ്രാൻഡുകളുടെ പേരിലുള്ള ഓഫറുകൾ അവയുടെ ഔദ്യോഗിക വെബ്സൈറ്റുകളിലോ ആപ്പുകളിലോ മാത്രം പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും പോലീസ് നിർദ്ദേശിക്കുന്നു.ഇത്തരം ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ദേശീയ സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പറായ 1930-ൽ വിളിച്ച് അറിയിക്കണമെന്നും പോലീസ് വ്യക്തമാക്കി.














