കേരളം മനഃസാക്ഷിയെ ഞെട്ടിച്ച ഉത്ര വധക്കേസ് വെള്ളിത്തിരയിലേക്ക്. ‘രാജകുമാരി’ എന്ന് പേരിട്ട ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ നടി മഞ്ജു വാര്യര്‍ പുറത്തിറക്കി. നവാഗതനായ ഉണ്ണിദാസ് കൂടത്തില്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നല്ല സിനിമ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഫറാസ് മുഹമ്മദ്, ഫഹദ് സിദ്ദിഖ്, ഫയാസ് മുഹമ്മദ് എന്നിവര്‍ ആണ് നിർമിക്കുന്നത്.സിനിമയിൽ നിന്നും അകന്നുപോകുന്ന സ്ത്രീ പ്രമേയത്തിന് പ്രധാന്യം നൽകുന്നതാണ് ചിത്രമെന്ന് അണിയറക്കാർ പറഞ്ഞു. വലിയ സ്വപ്‌നങ്ങളുമായി വിവാഹിതയായി പുതിയൊരു തറവാട്ടിലേക്ക് കടന്നുവരുന്ന ജാനകി എന്ന പെൺകുട്ടിയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. ജോസഫ് എന്ന സിനിമയിലൂടെ ശ്രദ്ധേയയായ ആത്മീയയാണ് നായികാ കഥാപാത്രമായ ജാനകിയെ അവതരിപ്പിക്കുന്നത്. പുതുമുഖം ഫഹദ് സിദ്ദിഖ് ആണ് ചിത്രത്തിലെ നായകൻ. ശ്രീജിത്ത് രവി, സെന്തില്‍ കൃഷ്ണ. കുടശ്ശനാട് കനകം, വീണാ നായര്‍, രാജേഷ് കണ്ണൂര്‍, ഋതു മന്ത്ര, എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.2020-ലാണ് കൊല്ലം ജില്ലയിലെ അഞ്ചലിൽ ഉത്ര എന്ന യുവതി പാമ്പുകടിയേറ്റ് മരിക്കുന്നത്. മാനസിക വെല്ലുവിളി നേരിട്ടിരുന്ന ഉത്രയെ ഭർത്താവ് സൂരജ് ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നു. കേരളാ പോലീസിന്റെ ചരിത്രത്തിലെ തന്നെ അത്യപൂര്‍വമായ അന്വേഷണമാണ് കേസില്‍ നടന്നത്. പ്രതി സൂരജ് ഇപ്പോള്‍ തടവുശിക്ഷ അനുഭവിക്കുകയാണ്.














