Informative

SIR എന്യൂമറേഷൻ ഫോം പൂരിപ്പിക്കുന്നതെങ്ങനെ? ഇനി ആശങ്ക വേണ്ട; എല്ലാം അറിയാം വിശദമായി

ന്യൂഡൽഹി ∙ സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആർ) ഭാഗമായി ബൂത്ത് ലവൽ ഓഫിസർമാർ (ബിഎൽഒ) വീടുകളിലെത്തിച്ച എന്യൂമറേഷൻ ഫോം പൂരിപ്പിക്കുന്നതിൽ ഇനി ആശയക്കുഴപ്പം വേണ്ട. 3 പേരുടെ ഉദാഹരണങ്ങളിലൂടെ ഓരോ കോളത്തിലും എന്തൊക്കെ എഴുതണമെന്നും, ആ വിവരങ്ങൾ എവിടെ നിന്നു ലഭിക്കുമെന്നും നോക്കാം. എളുപ്പത്തിനായി എന്യൂമറേഷൻ ഫോമിനെ 3 ഭാഗങ്ങളായി (എ, ബി, സി) തിരിക്കുന്നു. (ശ്രദ്ധിക്കുക: 2025ലെ പട്ടികയിൽ പേരുണ്ടെങ്കിൽ മാത്രമേ എന്യൂമറേഷൻ ഫോം ലഭിക്കുകയുള്ളു.)

3 പേർ, 3 സാഹചര്യങ്ങൾരമേശൻ: 2002ലെ വോട്ടർപട്ടികയിൽ പേരുണ്ടായിരുന്നു. പൂരിപ്പിക്കേണ്ടത് എന്യൂമറേഷൻ ഫോമിന്റെ (എ), (ബി) ഭാഗങ്ങൾ മാത്രം.

സുരേശൻ: 2002ലെ പട്ടികയിലില്ല, പക്ഷേ അദ്ദേഹത്തിന്റെ ഉറ്റബന്ധു (ഉദാ: പിതാവ് മാധവൻ) പട്ടികയിലുണ്ട്. പൂരിപ്പിക്കേണ്ടത് (എ), (സി) ഭാഗങ്ങൾ മാത്രം.

ദിനേശൻ: 2002ലെ പട്ടികയിൽ അദ്ദേഹമോ അദ്ദേഹത്തിന്റെ ഉറ്റബന്ധുക്കളോ ഇല്ല. പൂരിപ്പിക്കേണ്ടത് (എ) ഭാഗം മാത്രം.

പൂരിപ്പിക്കുന്നതിന് മുൻപ് കുറിച്ചുവയ്ക്കാംരമേശൻ 2002ലെ പട്ടികയിൽനിന്നു സ്വന്തം പേരുവിവരം കണ്ടെത്തിയാൽ പൂരിപ്പിക്കൽ എളുപ്പമാകും. സുരേശൻ അതേ പട്ടികയിൽനിന്ന് അച്ഛൻ മാധവന്റെ വിവരങ്ങളാണ് കണ്ടെത്തേണ്ടത്. ceo.kerala.gov.in/voter-search തുറന്ന് ജില്ല, നിയമസഭാ മണ്ഡലം, ബൂത്ത്, പേര് എന്നിവ വച്ച് സേർച് ചെയ്യാം (ഓർക്കുക: 2002ൽ നിങ്ങൾ വോട്ടറായിരുന്ന മണ്ഡലവും ബൂത്തുമാണ് നൽകേണ്ടത്). മലയാളത്തിലാണ് ടൈപ്പ് ചെയ്യേണ്ടത്. അതിനുള്ള ഗൂഗിൾ ടൂൾ ഒപ്പം കാണാം. ബൂത്ത് ഓർമയില്ലെങ്കിലും പേര് ടൈപ് ചെയ്തും സേർച് ചെയ്യാം. വീട്ടിൽ ഒരാളുടെ പേര് കണ്ടെത്താനായാൽ, വീട്ടുനമ്പറിൽ ക്ലിക് ചെയ്താൽ ബാക്കിയുള്ളവരുടെ വിവരങ്ങളും കിട്ടും. അന്നത്തെ പേര്, ഐഡി കാർഡ് നമ്പർ (എപിക് നമ്പർ), ബന്ധു (റിലേറ്റഡ് പേഴ്സൻ), അയാളുമായുള്ള ബന്ധം, പാർട് നമ്പർ (ഭാഗം നമ്പർ), പാർട് സീരിയൽ നമ്പർ (ക്രമനമ്പർ) എന്നിവ കുറിച്ചുവയ്ക്കുക. സേർച്ചിങ് ബുദ്ധിമുട്ടെങ്കിൽ ബിഎൽഒയോടു ചോദിക്കാം. ദിനേശൻ ഇപ്പോഴത്തെ വോട്ടർ ഐഡി നമ്പർ (എപിക്), ആധാർ തുടങ്ങിയവ എടുത്തുവച്ചാൽ മതി.

പൂരിപ്പിക്കുന്നതെങ്ങനെ?എ ഭാഗം (മൂവരും പൂരിപ്പിക്കണം)ഇപ്പോഴത്തെ വിവരങ്ങളാണ് നൽകേണ്ടത്. ജനനത്തീയതി, ആധാർ നമ്പർ, മൊബൈൽ നമ്പർ എന്നിവയ്ക്കു പുറമേ അച്ഛന്റെയും അമ്മയുടെയും ജീവിതപങ്കാളിയുടെയും പേരുകൾ നൽകുക. ഇവരുടെ നിലവിലുള്ള എപിക് നമ്പർ ലഭ്യമെങ്കിൽ മാത്രം നൽകാം (ഓർക്കുക: 2002ലെ എപിക് നമ്പറല്ല). പുതിയ വോട്ടർ ഐഡി കാർഡുകളിലോ, 2025ലെ വോട്ടർ ലിസ്റ്റിലോ ഈ നമ്പറുണ്ടാകും. ദിനേശൻ ‘എ’ ഭാഗം മാത്രം പൂരിപ്പിച്ചാൽ മതി. കരടുപട്ടികയ്ക്കു ശേഷം നോട്ടിസ് ലഭിക്കുമ്പോൾ അദ്ദേഹം യോഗ്യത തെളിയിക്കുന്ന രേഖകൾ നൽകിയാൽ മതി.

ബി ഭാഗം (രമേശന് ബാധകം)2002ലെ പട്ടികയിലുള്ളവർ പൂരിപ്പിക്കേണ്ടത്. എല്ലാ വിവരങ്ങളും 2002ലെ പട്ടികയിലേത്.∙വോട്ടറുടെ പേര്: 2002ലെ പട്ടികയിലെ നിങ്ങളുടെ പേര് അതേപടി എഴുതുക. ആർ.രമേശന്റെ പേര് അന്ന് ‘രമേശൻ’ എന്നായിരുന്നെങ്കിൽ അങ്ങനെ തന്നെയെഴുതുക.∙എപിക് നമ്പർ: 2002ലെ പട്ടികയിലെ വോട്ടർ ഐഡി കാർഡ് നമ്പറാണ് നൽകേണ്ടത് (ഓർക്കുക: ഇപ്പോഴത്തെ എപിക് നമ്പറല്ല). അന്ന് ചിലർക്ക് ഐഡി കാർഡിൽ നമ്പർ ഉണ്ടായിരുന്നില്ല. അവരിത് പൂരിപ്പിക്കേണ്ട.∙ ബന്ധുവിന്റെ പേര്: 2002ലെ പട്ടികയിൽ രമേശന്റെ പേരിനു താഴെ ബന്ധു അല്ലെങ്കിൽ ‘റിലേറ്റഡ് പഴ്സൻ’ എന്ന കോളത്തിൽ ആരുടെ പേരാണോ ഉണ്ടായിരുന്നത് അത് നൽകുക. (ഉദാ: രമേശന്റെ പിതാവിന്റെ പേരായ ‘ഗോപാലൻ’).∙ ബന്ധം: 2002ലെ വോട്ടറായ രമേശനും അച്ഛൻ ഗോപാലനും തമ്മിലുള്ള ബന്ധം (‘പിതാവ്’) എഴുതുക. ബന്ധുവായി അമ്മയുടെ പേരായിരുന്നുവെങ്കിൽ ‘മാതാവ്’ എന്നും.∙ നിയമസഭാമണ്ഡലത്തിന്റെ പേര്: 2002ൽ നിങ്ങൾ വോട്ടറായിരുന്ന മണ്ഡലത്തിന്റെ പേര്. ഇപ്പോഴത്തെ മണ്ഡലം തന്നെയാകണമെന്നില്ല. മണ്ഡലത്തിന്റെ നമ്പറും മാറിയിട്ടുണ്ടാകാം.∙ നിയമസഭാമണ്ഡലത്തിന്റെ നമ്പർ, ഭാഗം നമ്പർ, ക്രമനമ്പർ: ഈ വിവരങ്ങൾ 2002ലെ വോട്ടർപട്ടികയിൽ നിങ്ങളുടെ പേരിനൊപ്പമുള്ളത് നോക്കിയെഴുതുക. പാർട്ട് നമ്പർ തന്നെയാണ് ഭാഗം നമ്പർ. പാർട്ട് സീരിയൽ നമ്പറാണ് ക്രമനമ്പർ.

സി ഭാഗം ​(സുരേശന് ബാധകം)

2002ലെ പട്ടികയിലില്ല, പക്ഷേ ഉറ്റബന്ധുക്കളുണ്ട്.

∙ വോട്ടറുടെ പേര്: ഓർക്കുക, നിങ്ങളുടെ പേരല്ല, പകരം 2002ലെ പട്ടികയിലുള്ള ഒരു ഉറ്റബന്ധുവിന്റെ (ഉദാ: അച്ഛൻ, അമ്മ, അവരുടെ മാതാപിതാക്കൾ, സഹോദരങ്ങൾ)  പേരാണ് നൽകേണ്ടത്. ഇവിടെ സുരേശന്റെ അച്ഛൻ ‘മാധവൻ’. ബന്ധുവായി വയ്ക്കുന്ന വ്യക്തി മരണപ്പെട്ടാലും വിവരങ്ങൾ നൽകുന്നതിന് തടസ്സമില്ല.

∙ എപിക് നമ്പർ: 2002ലെ പട്ടികയിൽ പിതാവ് മാധവന്റെ എപിക് നമ്പറാണ് നൽകേണ്ടത് (ഓർക്കുക: ഇപ്പോഴത്തെ എപിക് നമ്പറല്ല).

∙ ബന്ധുവിന്റെ പേര്: 2002ലെ പട്ടികയിൽ മാധവന്റെ പേരിനു നേരെ ബന്ധുവായി നൽകിയിരിക്കുന്ന വ്യക്തിയുടെ പേരെഴുതണം. (ഇവിടെ മാധവന്റെ അച്ഛൻ ‘ഭാസ്കരൻ’)

∙ ബന്ധം: ഇവിടെ മാധവനും ഭാസ്കരനും തമ്മിലുള്ള ബന്ധം (‘പിതാവ്’) ആണ് നൽകേണ്ടത്. ഓർക്കുക, വോട്ടറായ സുരേശനും മാധവനും തമ്മിലുള്ള ബന്ധമല്ല

∙ നിയമസഭാമണ്ഡലത്തിന്റെ പേര്: 2002ൽ മാധവൻ വോട്ടറായിരുന്ന മണ്ഡലത്തിന്റെ പേര്.

∙നിയമസഭാമണ്ഡലത്തിന്റെ നമ്പർ, ഭാഗം നമ്പർ, ക്രമനമ്പർ: ഈ വിവരങ്ങൾ 2002ലെ വോട്ടർപട്ടികയിൽ മാധവന്റെ പേരിനൊപ്പമുള്ളത് നോക്കിയെഴുതുക.

ശ്രദ്ധിക്കാൻ

∙ പട്ടികയിലെ ചിത്രം മാറ്റണമെന്നുണ്ടെങ്കിൽ മാത്രം ‘നിലവിലെ ഫോട്ടോ പതിക്കുക’ എന്ന കോളത്തിൽ പുതിയ ചിത്രം ഒട്ടിക്കുക. 

∙ ഒരു വോട്ടർ 2 ഫോം പൂരിപ്പിക്കണം. ഒരെണ്ണം ബിഎൽഒയ്ക്കു നൽകണം. ഒരെണ്ണം ബിഎൽഒയുടെ ഒപ്പ് വാങ്ങി രസീതായി സൂക്ഷിക്കുക.

∙ ഫോമിന്റെ ഏറ്റവും താഴെ തീയതി സഹിതം ഒപ്പിടുക. വീട്ടിലില്ലാത്ത കുടുംബാംഗത്തിന്റെ പേരിലാണ് ഫോം പൂരിപ്പിക്കുന്നതെങ്കിൽ മുതിർന്ന ഏതെങ്കിലുമൊരു അംഗത്തിന് ഒപ്പിടാം. ബന്ധം സൂചിപ്പിക്കണമെന്നു മാത്രം.

∙  ഓൺലൈനായി ഫോം പൂരിപ്പിക്കാൻ voters.eci.gov.in എന്ന വെബ്സൈറ്റിലെ ‘Fill Enumeration Form’ ഓപ്ഷൻ ഉപയോഗിക്കുക.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.