അര്‍ധരാത്രി റോഡില്‍ തനിച്ചായ കുടുംബത്തിന് സഹായമായി തൊണ്ടർനാട് പോലീസ്. മാനന്തവാടിയില്‍ നിന്ന് കുറ്റ്യാടിയിലേക്ക് വരുകയായിരുന്ന കുറ്റ്യാടി സ്വദേശിയായ നസീറിനും കുടുംബത്തിനുമാണ് തൊണ്ടര്‍നാട് പോലീസ് സ്‌റ്റേഷനിലെ പോലീസുകാരായ നിസാബ് പാലക്കലും പ്രവീണും തുണയായത്. ചുരത്തില്‍ എത്തിയപ്പോഴാണ് കാറില്‍ പെട്രോള്‍ തീര്‍ന്നതായി നസീറിന്റെ ശ്രദ്ധയില്‍പ്പെട്ടത്.
ചുരം ഇറങ്ങി കുറ്റ്യാടി വരെ വണ്ടി ഓടിച്ച് എത്തുകില്ലെന്ന് അറിഞ്ഞതോടെ നസീര്‍ കാര്‍ തിരികെ കോറോത്ത് എത്തി. അവിടെയുള്ള പമ്പും രാത്രിയായതോടെ അടച്ചതോടെ കുടുംബം തനിച്ചായി. അടുത്തുള്ള ഹോട്ടലിന്റെ സമീപത്തായി വണ്ടി പാര്‍ക്ക് ചെയ്ത് നസീര്‍ തൊണ്ടര്‍നാട് സ്റ്റേഷനിലേക്ക് വിളിച്ചതിനെ തുടര്‍ന്ന് അവിടെ നിന്ന് പോലീസുകാരായ നിസാബും പ്രവീണും എത്തുകയായിരുന്നു.
അവര്‍ വരുമ്പോള്‍ പെട്രോള്‍ വാങ്ങുകയും വണ്ടിയില്‍ ഒഴിച്ച് വണ്ടി സ്റ്റാര്‍ട്ടാക്കി കൊടുത്തതിനു ശേഷമാണ് തങ്ങളെ അവിടെ നിന്ന് പറഞ്ഞയച്ചതെന്നും നസീര്‍ പ്രതികരിച്ചു. വീട്ടിലെത്തിയിട്ട് തിരിച്ച് വിളിക്കണമേ എന്ന സ്‌നേഹപൂര്‍വ്വമുള്ള ഓര്‍മ്മപ്പെടുത്തലും അവര്‍ നല്‍കിയിരുന്നു.














