തൃശ്ശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിക്കലെത്തി നില്‍ക്കേ എസ്‌ഐആര്‍ ഫോം സ്ഥാനാര്‍ത്ഥികളെയും വെട്ടിലാക്കിയിരിക്കുകയാണ്. വോട്ട് തേടിയുള്ള പരക്കം പാച്ചിലിനിടെ വോട്ടര്‍മാരുടെ എസ്‌ഐആര്‍ ഫോമിലെ സംശയവും തീര്‍ത്ത് നല്‍കേണ്ട അവസ്ഥയിലാണ് സ്ഥാനാര്‍ത്ഥികള്‍. ചിലയിടത്താകട്ടെ ഫോം പൂരിപ്പിക്കാനായി സ്ഥാനാര്‍ത്ഥികളെ ഏല്‍പ്പിക്കുന്ന ആളുകളെയും കാണാം. ചുരുക്കത്തില്‍ പറഞ്ഞാല്‍ കൃത്യമായി തങ്ങളുടെ ആശയങ്ങളൊക്കെ പറഞ്ഞ് സമാധാനമായി വോട്ട് ചോദിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് കഴിയുന്നില്ല.പ്രായം ചെന്ന ആളുകളുള്ള വീട്ടില്‍ ചെന്ന് പെട്ടുപോയ അനുഭവവും ചില സ്ഥാനാര്‍ത്ഥികള്‍ക്ക് പറയാനുണ്ട്. ഫോം പൂരിപ്പിച്ചില്ലെങ്കില്‍ നിലനില്‍പ്പിനെ പോലും ബാധിക്കുമെന്ന് സംശയിക്കുന്നവരുമുണ്ട്. ചിലര്‍ക്ക് ഫോം പൂരിപ്പിച്ചില്ലെങ്കില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ പറ്റാതെ വരുമോ എന്ന ടെന്‍ഷന്‍. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ലെന്ന് വിശദീകരിക്കാന്‍ ബുദ്ധിമുട്ടുകയാണ് സ്ഥാനാര്‍ത്ഥികള്‍.വോട്ട് ചോദിച്ച് പല വീടുകളിലൂടെയും കയറി ഇറങ്ങേണ്ടതുണ്ട്. എന്നാല്‍ ഒരു വീട്ടില്‍ തന്നെ എസ്‌ഐആര്‍ ഫോമുമായി ബന്ധപ്പെട്ട് കുടുങ്ങി പോകുന്ന സാഹചര്യത്തെക്കുറിച്ച് ആശങ്കപ്പെടുകയാണ് സ്ഥാനാര്‍ത്ഥികള്‍. വീടുകളില്‍ എത്താത്ത സ്ഥാനാര്‍ത്ഥികളെ ചില വോട്ടര്‍മാര്‍ ഫോണ്‍ വിളിച്ചും സംശയങ്ങള്‍ തീര്‍ക്കാറുണ്ട്. എസ്‌ഐആര്‍ കാരണം വോട്ട് തേടി ആളുകളെ സമീപിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്ന് സ്ഥാനാര്‍ത്ഥികള്‍ പറയുന്നു.














