Kerala

കൃത്രിമ ഗർഭധാരണത്തിനായി അണ്ഡം സൂക്ഷിക്കാൻ അനുമതി തേടി ഹൈക്കോടതിയിൽ ട്രാൻസ്‌ പുരുഷൻ്റെ ഹർജി

കൊച്ചി: കൃത്രിമ ഗർഭധാരണത്തിനായി അണ്ഡം സൂക്ഷിക്കാൻ അനുമതി തേടി ട്രാൻസ്‌ജെൻഡർ പുരുഷൻ ഹൈക്കോടതിയെ സമീപിച്ചു. ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് കൃത്രിമ ഗർഭധാരണത്തിനുള്ള അനുമതി നിഷേധിക്കുന്ന അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്‌നോളജി നിയമത്തിലെയും വ്യവസ്ഥകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. തിരുവനന്തപുരം സ്വദേശിയായ 28-കാരനാണ് നിയമപോരാട്ടവുമായി രംഗത്തെത്തിയിരിക്കുന്നത്. ജന്മനാ സ്ത്രീയായിരുന്ന ഹർജിക്കാരൻ താൻ ട്രാൻസ്‌ജെൻഡർ പുരുഷനാണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് ഹോർമോൺ ചികിത്സകൾ അടക്കമുള്ളവ നടത്തി വരികയാണ്. ഇദ്ദേഹം ഇതുവരെ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടില്ല. ഭാവിയിൽ കൃത്രിമ ഗർഭധാരണത്തിനായി അണ്ഡം എടുത്ത് സൂക്ഷിക്കാൻ സ്വകാര്യ ഫെർട്ടിലിറ്റി ക്ലിനിക്കിനെ സമീപിച്ചെങ്കിലും നിലവിലെ നിയമം അനുമതി നൽകാത്തതിനാൽ ആവശ്യം നിഷേധിച്ചു. ഇതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയം അണ്ടർ സെക്രട്ടറി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ എആർടി നിയമപ്രകാരം നിലവിലെ വ്യവസ്ഥകൾ വിശദീകരിച്ചു. കുട്ടികളില്ലാത്ത ദമ്പതിമാർക്കും വിവാഹിതയല്ലാത്ത സ്ത്രീകൾക്കും മാത്രമാണ് നിലവിൽ കൃത്രിമ ഗർഭധാരണത്തിന് നിയമം അനുമതി നൽകുന്നത്. അവിവാഹിതരായ പുരുഷന്മാർക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും ഈ രീതിയിൽ സന്താനോത്‌പാദനത്തിന് അനുവാദം നൽകിയിട്ടില്ല. കുട്ടികളുടെ താത്‌പര്യം കണക്കിലെടുത്താണ് ഈ പരിമിതികൾ ഏർപ്പെടുത്തിയത്. കൂടാതെ, സാധാരണക്കാരായ സ്ത്രീകൾ ചൂഷണം ചെയ്യപ്പെടരുത് എന്നതും നിയമനിർമ്മാണത്തിൽ പരിഗണിച്ചിട്ടുണ്ട്. കൃത്രിമ ഗർഭധാരണം ഒരു മൗലികാവകാശമല്ല മറിച്ച് നിയമപരമായ അവകാശം മാത്രമാണെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ അവകാശസംരക്ഷണ നിയമത്തിലും കൃത്രിമ ഗർഭധാരണം അനുവദിക്കുന്ന വ്യവസ്ഥകളില്ലെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. വിഷയം വീണ്ടും ഡിസംബർ ഒന്നിന് പരിഗണിക്കും.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.