Kerala

അടിയോടടി! ഷർട്ടിൽ പിടിച്ച് മൂക്കിലിടിച്ചു, ചവിട്ടി; സീറ്റ് വിഭജനത്തിന്റെ പേരിൽ ഏറ്റുമുട്ടി കോൺഗ്രസ് നേതാക്കൾ

കാസർകോട് ∙ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കാസർകോട് ഡിസിസിയിൽ തമ്മിലടി. ഡിസിസി വൈസ് പ്രസിഡന്റ് ജെയിംസ് പന്തമാക്കനും കോൺഗ്രസിന്റെ കർഷക സംഘടനയായ ഡികെടിഎഫ് ജില്ലാ പ്രസിഡന്റ് വാസുദേവനും തമ്മിലാണ് ഏറ്റുമുട്ടിയത്. ആദ്യം സമൂഹ മാധ്യമങ്ങളിലായിരുന്നു തർക്കമുണ്ടായത്. പിന്നീട് യോഗത്തിലും അടിപിടിയുണ്ടായി. ഈസ്റ്റ് എളേരി പഞ്ചായത്തിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായതും അടിപിടിയിൽ കലാശിച്ചതും. ഷർട്ടിൽ പിടിച്ച് മൂക്കിലിടിക്കുന്നതിന്റെയും ചവിട്ടുന്നതിന്റെയുമെല്ലാം വിഡിയോ പ്രചരിച്ചു.

ജെയിംസ് പന്തമാക്കൻ കോൺഗ്രസ് വിട്ട് ഡിഡിഎഫ് എന്ന സംഘടനയുണ്ടാക്കിയിരുന്നു. പിന്നീട് ചർച്ചകൾ നടത്തി ജെയിംസ് ഉൾപ്പെടെ 7 പേർ കഴിഞ്ഞ വർഷം കോൺഗ്രസിലേക്ക് തിരിച്ചെത്തി. അന്ന് തിരിച്ചെത്തിയ 7 പേർക്കും ഈസ്റ്റ് എളേരി പഞ്ചായത്തിൽ സീറ്റ് നൽകണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാൽ എല്ലാവർക്കും സീറ്റ് നൽകാൻ സാധിക്കില്ലെന്ന് കോൺഗ്രസ് നിലപാടെടുത്തു. ഒടുവിൽ 5 സീറ്റ് നൽകാമെന്ന് ഇന്നലെ രാത്രി നടത്തിയ ചർച്ചയിൽ തീരുമാനമായി. അതിനു ശേഷം സമൂഹ മാധ്യമങ്ങളിലൂടെ ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ ആക്ഷേപങ്ങളുണ്ടായി. ഇതോടെ രണ്ട് സീറ്റുകൾ നൽകിയാൽ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. ഇന്ന് വീണ്ടും യോഗത്തിനെത്തിയപ്പോഴാണ് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് നേതാക്കൻമാർ ഏറ്റുമുട്ടിയത്.

കെപിസിസി വൈസ് പ്രസിഡന്റ് എം. ലിജുവിന്റെ നേതൃത്വത്തിലുള്ള കോർ കമ്മിറ്റിയാണ് വ്യാഴാഴ്ച സീറ്റ് വിഭജന ചർച്ച പൂർത്തിയാക്കിയത്. നാളെ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിക്കാനിരിക്കെ പലയിടത്തും യുഡിഎഫിന്റെ സ്ഥാനാർഥി നിർണയം പൂർത്തിയാട്ടില്ല.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.