വയനാട്: പൂതാടി പഞ്ചായത്തിലെ നെയ്ക്കുപ്പയിൽ കാട്ടാനയുടെ ആക്രമണം തുടരുന്നു. കഴിഞ്ഞ രാത്രി ജനവാസ മേഖലയിലിറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായ കൃഷിനാശം വരുത്തി. കായ്ഫലമുള്ള തെങ്ങുകൾ ഉൾപ്പെടെ കുത്തിമറിച്ചതോടെ കർഷകർക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടായി.കോടികൾ മുടക്കി ആരംഭിച്ച ക്രാഷ് ഗാർഡ് ഫെൻസിംഗിന്റെ നിർമ്മാണം പാതിവഴിയിൽ നിലച്ചതാണ് ആനകൾ എളുപ്പത്തിൽ നാട്ടിലിറങ്ങാൻ കാരണമെന്ന് കർഷകർ പറയുന്നു. നിലവിൽ നാട്ടുകാരും വനംവവകുപ്പും ചേർന്ന് സ്ഥാപിച്ച താൽക്കാലിക തൂക്കുവേലി മറികടന്നാണ് ആനകൾ എത്തുന്നത്.കഴിഞ്ഞ നാലാഴ്ചയായി പ്രദേശത്ത് ഇറങ്ങുന്ന ഒറ്റയാനാണ് പ്രധാനമായും കൃഷി നശിപ്പിക്കുന്നത്. ചെഞ്ചടി ബിനോയിയുടെ പുരയിടത്തിലെ തെങ്ങ് കുത്തിമറിച്ചപ്പോൾ സമീപത്തെ കാപ്പിമരങ്ങളും നശിച്ചു. പ്രദേശത്തെ ഒരു ചെറിയ കടയോട് ചേർന്നുള്ള വാഴകളും ആന നശിപ്പിച്ചിട്ടുണ്ട്. കാട്ടാനയെ തുരത്താനും വേലി നിർമ്മാണം പുനരാരംഭിക്കാനും അടിയന്തര നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.














