തൃശൂർ∙ വാടകയ്ക്കു നൽകിയ കാർ തിരികെ ചോദിച്ചതിന് ഉടമയെ കാറിന്റെ ബോണറ്റിൽ കിടത്തി കിലോമീറ്ററുകൾ സഞ്ചരിച്ചു. വളരെ വേഗത്തിൽ പാഞ്ഞ കാറിൽനിന്ന് ഉടമ രക്ഷപ്പെട്ടത് നാട്ടുകാരുടെ ഇടപെടലിൽ. ആലുവ സ്വദേശി സോളമന്റേതാണ് കാർ. തൃശൂർ തിരൂർ സ്വദേശി ബക്കറിനാണ് വാടകയ്ക്കു നൽകിയത്. കാർ തിരികെ ചോദിച്ചപ്പോൾ ബക്കർ, സോളമനെ ബോണറ്റിൽ കിടത്തി കിലോമീറ്ററുകളോളം കാറോടിച്ചു.
രണ്ടു കാറുകളാണ് സോളമൻ ബക്കറിനു വാടകയ്ക്കു നൽകിയത്. ഏറെ ദിവസങ്ങളായിട്ടും കാർ തിരികെ നൽകിയില്ല. പകരം തന്റെ പേരിലുള്ള വസ്തു എഴുതി നൽകാമെന്ന് ബക്കർ പറഞ്ഞു. എന്നാൽ ഭൂമിയും നൽകിയില്ല. ഇതോടെ വാഹനം തേടി സോളമൻ തൃശൂരിലെത്തി. എരുമപ്പെട്ടി ഭാഗത്തുവച്ച് വാഹനം കണ്ടു. കാറിന്റെ മുന്നിൽനിന്ന് സോളമൻ വാഹനം തടഞ്ഞു. ബക്കർ ഉടനെ കാർ മുന്നോട്ടെടുത്തു. ബോണറ്റിലേക്കു സോളമൻ വീണിട്ടും ബക്കർ കാർ നിർത്തിയില്ല.
10 കിലോമീറ്ററോളം ഇങ്ങനെ സഞ്ചരിച്ചു. സംഭവം കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. എരുമപ്പെട്ടി പൊലീസ് സ്ഥലത്തെത്തി ബക്കറിനെ കസ്റ്റഡിയിലെടുത്തു. കാർ തിരികെ ലഭിക്കാൻ സോളമൻ പൊലീസിനു നേരത്തേ പരാതി നൽകിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് സംഭവമുണ്ടായത്.














