കൊച്ചി∙ കോന്തുരുത്തി പള്ളിക്കു സമീപത്തെ വീട്ടുവളപ്പിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. വീട്ടുടമ ജോർജ് കുറ്റം സമ്മതിച്ചു. കൊല്ലപ്പെട്ട സ്ത്രീ ലൈംഗിക തൊഴിലാളിയാണ്. ഇന്നലെ രാത്രിയാണ് ജോർജ് സ്ത്രീയെ വീട്ടിലെത്തിച്ചത്. വീട്ടിൽ ഭാര്യയും മക്കളും ഉണ്ടായിരുന്നില്ല. പണത്തെച്ചൊല്ലി ഇരുവരും തർക്കമുണ്ടായി. മദ്യലഹരിയിലായിരുന്ന ജോർജ് മുറിയിലുണ്ടായിരുന്ന ഇരുമ്പ് കമ്പിയെടുത്ത് സ്ത്രീയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി.
ശരീരം കയറിൽകെട്ടി റോഡിൽ തള്ളാനായിരുന്നു പദ്ധതി. മദ്യപിച്ച് അവശനായതിനാൽ ഇതിനു കഴിഞ്ഞില്ല. മൃതദേഹത്തിന് അരികിലിരുന്ന് ജോർജ് ഉറങ്ങിപോയി. പുലർച്ചെ ശുചീകരണ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. ജോർജ് അടുത്തിരുന്ന് ഉറങ്ങുകയായിരുന്നു. തൊഴിലാളികളാണ് പൊലീസിനെയും ജനപ്രതിനിധികളെയും വിവരമറിയിച്ചത്. മരിച്ച സ്ത്രീയെ തിരിച്ചറിയാനായിട്ടില്ല.
ജോർജിന്റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെയും പൊലീസ് ചോദ്യം ചെയ്യുകയാണ്. വെളുപ്പിനെ നാലരയോടെ ജോർജ് ചാക്ക് അന്വേഷിച്ച് അയൽവീടുകളിൽ ചെന്നിരുന്നു. നായ ചത്തു കിടപ്പുണ്ടെന്നും ഇതിനെ മൂടാനാണ് എന്നുമാണ് ജോർജ് പറഞ്ഞത്. എന്നാൽ ഇവിടെ നിന്ന് ചാക്കു കിട്ടിയില്ല. തുടർന്ന് സമീപത്തെ ഒരു കടയിലെത്തി അവിടെ നിന്ന് രണ്ടു ചാക്ക് ശേഖരിച്ചു. ഇതാണ് മൃതദേഹം മൂടാനായി ഉപയോഗിച്ചത് എന്നാണ് കരുതുന്നത്.
സ്ത്രീ മലയാളിയല്ലെന്നും മുൻപ് കണ്ടിട്ടില്ലെന്നും നാട്ടുകാർ പറഞ്ഞു. ‘‘ ജോർജ് കുറേകാലമായി ഇവിടെ താമസിക്കുന്നുണ്ട്. ഭാര്യ അവരുടെ വീട്ടിലാണ്. മക്കൾ സ്ഥലത്തില്ല. വെളുപ്പിന് ഒച്ചകേട്ടതായി വാടകയ്ക്കു താമസിക്കുന്ന ആൾ പറഞ്ഞു’’–നാട്ടുകാരിലൊരാൾ മാധ്യമങ്ങളോട് പറഞ്ഞു.
‘‘ജോർജിന്റെ വീട്ടിൽനിന്ന് ശബ്ദം കേട്ടിരുന്നു. പൂച്ചയുടെ ശബ്ദമാണെന്നാണ് കരുതിയത്. അതിനാൽ പുറത്തിറങ്ങിയില്ല’’–ജോർജിന്റെ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന അതിഥി തൊഴിലാളി മാധ്യമങ്ങളോട് പറഞ്ഞു.പ്രായമായ ആളുകളെ പരിചരിക്കുന്ന ജോലിയാണ് ജോർജിന്. ജോർജിന്റെ മകൻ യു.കെയിൽ ജോലി ചെയ്യുകയാണ്. മകളുടെ കുഞ്ഞിന്റെ പിറന്നാളിന് ഭാര്യ അവിടേക്ക് പോയിരുന്നതിനാൽ ഏതാനും ദിവസമായി ജോർജ് വീട്ടിൽ ഒറ്റയ്ക്കായിരുന്നു.














