കൊച്ചി: കോന്തുരുത്തിയില്‍ ലൈംഗികത്തൊഴിലാളിയെ കൊലപ്പെടുത്തിയത് ലൈംഗികബന്ധത്തിനുശേഷമുണ്ടായ സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നെന്ന് പോലീസ്. കോന്തുരുത്തി സ്വദേശിയായ ജോര്‍ജ് ആണ് ലൈംഗികത്തൊഴിലാളിയായ സ്ത്രീയെ കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍ക്കെട്ടി സൂക്ഷിച്ചത്. തുടര്‍ന്ന് മൃതദേഹം മറവുചെയ്യാനുള്ള ശ്രമത്തിനിടെ മദ്യലഹരിയിലായിരുന്ന പ്രതി ഉറങ്ങിപ്പോയെന്നും ഇതിനിടെയാണ് നാട്ടുകാര്‍ മൃതദേഹം കണ്ടതെന്നും പോലീസ് പറഞ്ഞു.
ശനിയാഴ്ച രാവിലെയാണ് ജോര്‍ജിന്റെ വീടിന് മുന്നിലെ വഴിയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ സ്ത്രീയുടെ അര്‍ധനഗ്‌ന മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനരികിലായി മദ്യലഹരിയില്‍ ജോര്‍ജും ഇരിക്കുന്നുണ്ടായിരുന്നു. തുടര്‍ന്ന് പോലീസെത്തി ജോര്‍ജിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് സംഭവത്തില്‍ ചുരുളഴിഞ്ഞത്.
പോലീസ് ചോദ്യംചെയ്തപ്പോള്‍ മരിച്ചതരാണെന്ന് അറിയില്ലെന്നും എങ്ങനെയാണ് മൃതദേഹം ഇവിടെവന്നതെന്ന് അറിയില്ലെന്നുമായിരുന്നു ജോര്‍ജിന്റെ ആദ്യമൊഴി. മൃതദേഹം കണ്ട് താന്‍ ഭയന്നുപോയെന്നും തുടര്‍ന്ന് അത് പരിശോധിക്കാന്‍ പോയപ്പോള്‍ അവിടെ ഇരുന്നുപോയെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍, പോലീസ് സംഘം കൂടുതല്‍ തെളിവുകള്‍ നിരത്തിയതോടെയാണ് സ്ത്രീയെ കൊലപ്പെടുത്തിയത് താനാണെന്ന് ജോര്‍ജ് സമ്മതിച്ചത്.
കഴിഞ്ഞദിവസം രാത്രിയാണ് എറണാകുളം സൗത്തില്‍നിന്ന് ലൈംഗികത്തൊഴിലാളിയായ സ്ത്രീയെ ജോര്‍ജ് വീട്ടിലേക്ക് കൊണ്ടുവന്നത്. ഇതിനുമുന്‍പായി വീട്ടിലുണ്ടായിരുന്ന ഭാര്യയെ ഇയാള്‍ മകളുടെ വീട്ടിലാക്കിയിരുന്നു. കഴിഞ്ഞദിവസം മകളുടെ വീട്ടില്‍ പിറന്നാളാഘോഷം കഴിഞ്ഞ് ജോര്‍ജ് മാത്രമാണ് കോന്തുരുത്തിയിലെ വീട്ടിലേക്ക് തിരികെവന്നത്. ഇതിനുശേഷമാണ് എറണാകുളം സൗത്തില്‍നിന്ന് ലൈംഗികത്തൊഴിലാളിയെയും കൂട്ടി വീട്ടിലെത്തിയത്. തുടര്‍ന്ന് ഇരുവരും ലൈംഗികബന്ധത്തിലേര്‍പ്പെട്ടു. എന്നാല്‍, ഇതിനുശേഷം സ്ത്രീയുമായി പണത്തെച്ചൊല്ലി തര്‍ക്കമുണ്ടായി. തുടര്‍ന്ന് കമ്പിപ്പാര കൊണ്ട് സ്ത്രീയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് ജോര്‍ജിന്റെ മൊഴി.
സ്ത്രീയെ കൊലപ്പെടുത്തിയതിന് പിന്നാലെ മൃതദേഹം ഓടയില്‍ മറവുചെയ്യാനായിരുന്നു പ്രതിയുടെ ശ്രമം. ഇതിനായി ചാക്കുകള്‍ സംഘടിപ്പിച്ചു. മൃതദേഹം ചാക്കിലാക്കി കയര്‍കെട്ടി വഴിയിലെത്തിച്ചു. എന്നാല്‍, മദ്യലഹരിയിലായിരുന്ന പ്രതി ഇതിനിടെ ഉറങ്ങിപ്പോയി. ഈ സമയത്താണ് നാട്ടുകാര്‍ ചാക്കില്‍ക്കെട്ടിയനിലയില്‍ മൃതദേഹം കണ്ടത്.ശനിയാഴ്ച രാവിലെ ആറരയോടെയാണ് സംഭവം പുറംലോകമറിയുന്നത്. രാവിലെ ജോര്‍ജ് ചാക്ക് അന്വേഷിച്ചുനടന്നിരുന്നതായി സമീപവാസികള്‍ പറഞ്ഞു. വീട്ടുവളപ്പില്‍ ഒരു പട്ടി ചത്തുകിടക്കുന്നുണ്ടെന്ന് പറഞ്ഞാണ് സമീപവാസികളോട് ഇയാള്‍ ചാക്ക് തിരക്കിയത്. എന്നാല്‍, ഇയാള്‍ മദ്യലഹരിയിലായിരുന്നതിനാല്‍ പലരും ഇയാളെ പറഞ്ഞുവിട്ടു. സമീപത്തെ ഒരു കടയില്‍നിന്നാണ് ജോര്‍ജ് ചാക്കുകള്‍ സംഘടിപ്പിച്ചത്. ഇതിനു പിന്നാലെയാണ് ജോര്‍ജിന്റെ വീട്ടിലേക്കുള്ള ഇടവഴിയില്‍ ചാക്കില്‍കെട്ടിയ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തായി മദ്യലഹരിയിലുള്ള ജോര്‍ജും ഇരിക്കുന്നുണ്ടായിരുന്നു.ഹരിത കര്‍മസേനാംഗങ്ങളാണ് മൃതദേഹം ആദ്യം കണ്ടത്. ഇവര്‍ വാര്‍ഡ് കൗണ്‍സിലറെ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസും സ്ഥലത്തെത്തി. മദ്യലഹരിയിലായിരുന്ന ജോര്‍ജിനെ പോലീസ് കസ്റ്റഡിയിലെടുത്തു.മരിച്ച സ്ത്രീ പ്രദേശവാസിയല്ലെന്നാണ് വാര്‍ഡ് കൗണ്‍സിലറും നാട്ടുകാരും പറയുന്നത്. മൃതദേഹത്തില്‍ പരിക്കുണ്ടായിരുന്നതായും അര്‍ധനഗ്നയായ നിലയിലാണ് മൃതദേഹം കണ്ടതെന്നും നാട്ടുകാര്‍ പറഞ്ഞു. ചാക്കില്‍ കെട്ടിയ മൃതദേഹത്തിന് സമീപം തലയില്‍ കൈവെച്ച് ഇരിക്കുന്ന ജോര്‍ജിനെയാണ് സ്ഥലത്തെത്തിയവര്‍ ആദ്യം കണ്ടത്. ഇയാള്‍ ഒന്നും സംസാരിച്ചിരുന്നില്ലെന്നും സമീപവാസികള്‍ പറഞ്ഞു. ജോര്‍ജ് ഹോം നഴ്‌സായി ജോലി ചെയ്തിരുന്നയാളാണ്. ഇയാള്‍ക്ക് ഭാര്യയും രണ്ടു മക്കളുമുണ്ട്. മകന്‍ യുകെയിലാണ്. മകള്‍ പാലായിലാണ്. ഭാര്യ വീട്ടിലുണ്ടായിരുന്നില്ലെന്നും സമീപവാസികള്‍ പറഞ്ഞു. മദ്യപിക്കുന്നയാളാണെങ്കിലും ഇതുവരെ മദ്യപിച്ച് പ്രശ്‌നങ്ങളുണ്ടാക്കിയിട്ടില്ലെന്നും ശല്യക്കാരനല്ലെന്നും സമീപവാസികള്‍ കൂട്ടിച്ചേര്‍ത്തു.














