പൊതുഗതാഗത സംവിധാനങ്ങളെ കുറിച്ച് പല പരാതികളും യാത്രക്കാർ ഉന്നയിക്കാറുണ്ട്. എന്നാൽ, ഈ പരാതികളെല്ലാം കേട്ട് യാത്രക്കാർക്ക് മികച്ച യാത്രാസൗകര്യം ഒരുക്കാൻ ശ്രമിക്കുന്ന ജീവനക്കാരുടെ ശ്രമങ്ങളെ അപ്രസക്തമാക്കുന്ന തരത്തിലാണ് ചിലരുടെ പെരുമാറ്റം. പൗരബോധമില്ലാതെ പൊതുസ്വത്ത് വൃത്തികേടാക്കുന്ന ഒരാളുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം.
തിരുവനന്തപുരം നിന്ന് ബെംഗളൂരുവിലേക്ക് പോയ പുതിയ കെഎസ്ആർടിസി ബസ്സിലാണ് സംഭവം. മുൻസീറ്റിലിരുന്ന ഒരു യാത്രക്കാരൻ ബസ്സിനുള്ളിൽ തുപ്പുകയായിരുന്നു. യാത്രക്കാരും ബസ്സിലെ ജീവനക്കാരും ഈ പ്രവൃത്തി കണ്ട് അമ്പരന്നെങ്കിലും, ബന്ധപ്പെട്ട വ്യക്തി ഒരു കൂസലുമില്ലാതെ മുന്നിലെ സീറ്റിൽ കാലും നീട്ടി ഇരിക്കുകയായിരുന്നു.ഒരു വ്ലോഗർ പങ്കുവെച്ച വീഡിയോ മന്ത്രി ഗണേഷ് കുമാറും പങ്കുവെച്ചിട്ടുണ്ട്. ഇതുപോലുള്ള യാത്രക്കാരാണ് പൊതുഗതാഗതത്തിന് ഏറ്റവും വലിയ ഭീഷണി എന്ന് പറഞ്ഞുകൊണ്ടാണ് വ്ലോഗർ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. എത്ര നല്ല രീതിയിൽ പരിപാലനം ചെയ്തുകൊണ്ടുനടക്കുന്ന വാഹനത്തിലാണ് ഇയാൾ ഇത് ചെയ്തതെന്നും അദ്ദേഹം രോഷം പ്രകടിപ്പിച്ചു. ‘ദീര്‍ഘദൂരയാത്രയ്ക്കിടെ എന്തെങ്കിലും അത്യാവശ്യമുണ്ടെങ്കിൽ ജീവനക്കാരോട് പറയണം. അവരും മനുഷ്യരാണ്. അവർ ബസ് നിർത്തിത്തരും. പക്ഷേ, വെറും വൃത്തികെട്ട പരിപാടിയാണ് ഇയാൾ ചെയ്തത്’, വീഡിയോ ചിത്രീകരിച്ച യുവാവ് പറയുന്നു.
വഴിയിൽ ഇറക്കിവിടേണ്ട പരിപാടിയാണ് കാണിച്ചതെന്ന് കണ്ടക്ടറും പറയുന്നുണ്ട്. ‘എന്തിനാണ് ഈ പരിപാടി കാണിച്ചത്? ഞങ്ങളെത്ര കഷ്ടപ്പെട്ടാണ് ഇത് തുടയ്ക്കുന്നത്? ബെംഗളൂരു വരെ വരുന്ന എല്ലാ വേസ്റ്റും ഞങ്ങള്‍ തന്നെയാണ് എടുക്കുന്നത്. അതിൽ ഒരു ബുദ്ധിമുട്ടുമില്ല ഞങ്ങൾക്ക്. അത് അബദ്ധത്തിൽ വീഴുന്നതൊക്കെയായിരിക്കും. പക്ഷേ, ഇത് മോശമാണ്’, ഡ്രൈവർ പറഞ്ഞു.ആഴ്ചകൾ മുമ്പെയാണ് കെഎസ്ആർടിസിയ്ക്ക് വേണ്ടി പുത്തൻപുതിയ വോൾവോ 9600SLX ബസുകൾ കേരളത്തിലെത്തിച്ചത്. വോള്‍വോയുടെ മള്‍ട്ടി ആക്‌സില്‍ സ്ലീപ്പർ മോഡലാണ് 9600 SLX. നേരത്തേ കെഎസ്ആർടിസിയിലെത്തിയ വോൾവോ 9600 ബസുകൾക്ക് സമാനമായ ത്രിവര്‍ണ പതാകയിലെ നിറങ്ങളടങ്ങിയ കളര്‍ തീമില്‍ തന്നെയാണ് 9600 SLX-ഉം ഒരുക്കിയിരിക്കുന്നത്.














