Listen live radio

മുട്ടില്‍ മരം മുറി: ഡിഎഫ്ഒയുടെ ഹരജി മെയ് 23ലേക്ക് മാറ്റി

after post image
0

- Advertisement -

കല്‍പ്പറ്റ: മുട്ടില്‍ സൗത്ത് വില്ലേജിലെ റവന്യൂ പട്ടയഭൂമികളില്‍നിന്നു മുറിച്ചതിനെത്തുടര്‍ന്ന് പിടിച്ചെടുത്ത് കുപ്പാടി വനം ഡിപ്പോയില്‍ സൂക്ഷിച്ച ഈട്ടിത്തടികള്‍ ലേലം ചെയ്യുന്നതിനു അനുവാദം തേടി സൗത്ത് വയനാട് ഡിഎഫ്ഒ സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നത് അഡീഷണല്‍ സെഷന്‍സ് കോടതി മെയ് 23ലേക്ക്
മാറ്റി. കഴിഞ്ഞ ദിവസം കോടതി ഹരജി പരിഗണിച്ചിരുന്നു. മുട്ടില്‍ മരംമുറി കേസിലെ എതിര്‍ കക്ഷികളുടെ അപേക്ഷയിലാണ് കേസ് മാറ്റിയത്. തടികള്‍ വനം വകുപ്പ് കണ്ടുകെട്ടിയതിനെതിരേ അഗസ്റ്റിന്‍ സഹോദരന്‍മാര്‍ ഫയല്‍ ചെയ്ത ഹരജി മാറ്റിവച്ചത് ഈ മാസം 25ന് കോടതി പരിഗണിക്കും. മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ട് 27 ഹരജികളാണ് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഉണ്ടായിരുന്ന മുഴുവന്‍ കേസുകളും അഡീഷണല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയിട്ടുണ്ട്.

മുട്ടില്‍ സൗത്ത് വില്ലേജില്‍ മുറിച്ച മരങ്ങള്‍ 2021 ജൂണിലാണ് വനം വകുപ്പ് കസ്റ്റഡിയിലെടുത്ത് ഡിപ്പോയിലേക്ക് മാറ്റിയത്. മഴയേറ്റും വെയില്‍കൊണ്ടും നിറം മങ്ങിയും തടികളുടെ ഗുണനിലവാരം കുറയുകയാണ്. ഈ സാഹചര്യത്തിലാണ് തടികള്‍ ലേലം ചെയ്യുന്നതിനു അനുമതിക്ക് സൗത്ത് വയനാട് ഡിഎഫ്ഒ കഴിഞ്ഞ വര്‍ഷം അവസാനം കോടതിയെ സമീപിച്ചത്. മുട്ടില്‍ സൗത്ത് വില്ലേജില്‍നിന്നു മുറിച്ച 231 ക്യുബിക് മീറ്റര്‍ ഈട്ടിയാണ് കുപ്പാടി വനം ഡിപ്പോയിലുള്ളത്. സുല്‍ത്താന്‍ ബത്തേരി പുത്തന്‍കുന്നില്‍നിന്നു കസ്റ്റഡിയിലെടുത്ത 18.75 മീറ്റര്‍ തേക്കും ഇതേ ഡിപ്പോയിലാണ് സൂക്ഷിച്ചിരിക്കുന്നത്.
ഈട്ടിത്തടികള്‍ കണ്ടുകെട്ടിയ വനം വകുപ്പ് നടപടിക്കെതിരേ മരംമുറിക്കേസില്‍ ഉള്‍പ്പെട്ട അഗസ്റ്റിന്‍ സഹോദരന്‍മാര്‍ ജില്ലാ കോടതിയില്‍നിന്നു സ്റ്റേ സമ്പാദിച്ചിരുന്നു. ഡിപ്പോയില്‍ സൂക്ഷിച്ച തടികള്‍ കേസില്‍ കക്ഷികളായ അഗസ്റ്റിന്‍ സഹോദരന്‍മാര്‍ വിലയ്ക്കു വാങ്ങിയതാണെന്നു കണ്ടെത്തുന്ന സാഹചര്യം ഉണ്ടാകുന്നതും പരിഗണിക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ച് മരംമുറി കേസ് തീര്‍പ്പാകുന്നതുവരെയാണ് കണ്ടുകെട്ടല്‍ നടപടികള്‍ കോടതി സ്റ്റേ ചെയ്തത്. ഡിപ്പോയിലേക്ക് മാറ്റിയ തടികള്‍ കര്‍ഷകരില്‍നിന്നു വിലയ്ക്കുവാങ്ങിയതാണെന്നും ലൈസന്‍സും രജിസ്ട്രേഷന്‍ മാര്‍ക്കും വനം വകുപ്പില്‍നിന്നു ലഭിച്ചിട്ടുണ്ടെന്നും ഹര്‍ജിക്കാര്‍ വാദിച്ചിരുന്നു. കസ്റ്റഡിയിലുള്ള തടികള്‍ ഹര്‍ജിക്കാര്‍ ഭൂവുടമകളില്‍നിന്നു വിലയ്ക്കുവാങ്ങിയതാണെന്നു ഡിഎഫ്ഒ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. തടികള്‍ വെയിലും മഴയുമേറ്റ് നശിക്കാന്‍ സാധ്യതയുണ്ടന്നും അറിയിക്കുകയുണ്ടായി.
തടികള്‍ മേല്‍ക്കൂരയുള്ള ഷെഡില്‍ നിലത്തുനിന്നു മതിയായ ഉയരത്തില്‍ വെയിലോ മഴയോ ഈര്‍പ്പമോ തട്ടാതെ കേസ് തീര്‍പ്പാകുന്നതുവരെ സൂക്ഷിക്കണമെന്നു കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ കോടതി വനം വകുപ്പിനു നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ തടികളുടെ സംരക്ഷണത്തിനു വനം വകുപ്പ് നടപടികള്‍ സ്വീകരിച്ചിരുന്നില്ല. എന്നിരിക്കെയാണ് ലേലത്തിനു അനുമതി തേടി ഡിഎഫ്ഒ കോടതിയെ സമീപിച്ചത്.
മുട്ടില്‍ സൗത്ത് വില്ലേജിലെ നിയമവിരുദ്ധ ഈട്ടി മുറിയുമായി ബന്ധപ്പെട്ട പോലീസ് കേസില്‍ പ്രത്യേക അന്വേഷണ സംഘം 2023 ഡിസംബര്‍ നാലിനാണ് സുല്‍ത്താന്‍ബത്തേരി ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
റവന്യൂ പട്ടയ ഭൂമിയിലെ വൃക്ഷവില അടച്ചതും സ്വയം കിളിര്‍ത്തതും നട്ടുവളര്‍ത്തിയതുമായ മരങ്ങളില്‍ ചന്ദനം ഒഴികെയുള്ളവ മുറിച്ചെടുക്കുന്നതിനു കൈവശക്കാരെ അനുവദിച്ച് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി 2020 ഒക്ടോബര്‍ 24നു ഉത്തരവായിരുന്നു. ഇതിന്റെ മറവിലാണ് വയനാട്ടിലടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ റവന്യൂ പട്ടയഭൂമികളില്‍ ഈട്ടി, തേക്ക് മുറി നടന്നത്. 1964ലെ കേരള ഭൂപതിവ് ചട്ടമനുസരിച്ച് കൈവശക്കാര്‍ക്കു പട്ടയം ലഭിച്ച സ്ഥലങ്ങളാണ് റവന്യൂ പട്ടയ ഭൂമിയില്‍ ഉള്‍പ്പെടുന്നത്.

Leave A Reply

Your email address will not be published.