Listen live radio

കോവിഡ് പ്രതിരോധത്തിൽ കേരളം ഇനി എങ്ങോട്ട് ?: സംസ്ഥാന മാതൃക ലോകം ഇനി എങ്ങനെ വിലയിരുത്തും?

after post image
0

- Advertisement -

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ ആദ്യ ഘട്ടത്തില്‍ വിവിധ ലോക രാജ്യങ്ങളുടെ പ്രശംസ നേടിയ കേരള മോഡലിന് ക്ഷീണമേറ്റ് തുടങ്ങുന്നു. ജൂലൈ-ഓഗസ്റ്റ് മാസങ്ങളില്‍ കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമാകുമെന്ന പ്രവചനം ശരിവച്ച് രോഗികളുടെ എണ്ണം കുതിച്ചുയരുമ്പോള്‍, മുന്നൊരുക്കങ്ങളിലെ പാളിച്ചകള്‍ കൂടിയാണ് പുറത്തുവരുന്നത്. കേരളത്തിലെ കൊവിഡ് വ്യാപനം സംബന്ധിച്ച യുഎസിലെ ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്സ്റ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നത് സന്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെ.
കേരളത്തില്‍ 80 ലക്ഷം പേര്‍ക്ക് വരെ കൊവിഡ് ബാധിക്കാം എന്നായിരുന്നു റിപ്പോര്‍ട്ട്. ഇത് നിഷേധിച്ച സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പക്ഷേ, മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ അപകട സാധ്യത അക്കമിട്ട് നിരത്തി. രോഗികളുടെ എണ്ണം ലക്ഷങ്ങളിലേക്ക് കടന്നേക്കാമെന്നായിരുന്നു മുന്നറിയിപ്പ്. കൊവിഡ് രോഗികളുടെ വിവരങ്ങള്‍ സ്പ്രിംഗ്‌ളര്‍ കന്പനിയെ ഏല്‍പ്പിച്ചതിനു കാരണമായി സര്‍ക്കാര്‍ അവതരിപ്പിച്ചതും ഇതേ കണക്കുകളായിരുന്നു. സംസ്ഥാനത്തെ നാലിലൊന്ന് ജനസംഖ്യയെയും കൊവിഡ് പിടികൂടിയേക്കാം എന്ന് കണക്കുകള്‍ അടിസ്ഥാനമാക്കിയുളള ഒരുക്കങ്ങളാണ് മാസങ്ങളായി നടന്നുവന്നത്.
ഒരു ലക്ഷത്തോളം പേര്‍ക്ക് കിടത്തിച്ചികില്‍സ നല്‍കാന്‍ റെഡിയെന്ന ആരോഗ്യ മന്ത്രിയുടെ പ്രഖ്യാപനവും ഇതേ ഘട്ടത്തില്‍ വന്നു. എന്നാല്‍ യഥാര്‍ത്ഥ വെല്ലുവിളി മുന്നില്‍ വന്നപ്പോള്‍ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ താല്‍ക്കാലിക ചികില്‍സാ കേന്ദ്രങ്ങളൊരുക്കാനുളള നെട്ടോട്ടത്തിലാണ് ആരോഗ്യ പ്രവര്‍ത്തകരും തദ്ദേശഭരണ സ്ഥാപനങ്ങളും. പരിശോധനകളുടെ എണ്ണം കൂട്ടണമെന്ന് വിദഗ്ധര്‍ ആദ്യം മുതലേ ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രവാസികളിലായിരുന്നു ഏറെയും കേന്ദ്രീകരിച്ചത്. ഇതിനിടെ സമ്പര്‍ക്ക രോഗികളുടെ എണ്ണം പെരുകുന്നത് കണ്ടില്ല. ലക്ഷണമില്ലാത്തവരെയും പരിശോധിക്കണമെന്ന ഐസിഎംആര്‍ നിര്‍ദേശവും നടപ്പായില്ല.
സ്വകാര്യ ആശുപത്രികളെ കൊവിഡ് പ്രതിരോധവുമായി ബന്ധിപ്പിക്കുന്നതില്‍ പ്രശ്‌നങ്ങള്‍ ബാക്കിയാണ്. ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളാണ് താഴെ തട്ടില്‍ കൊവിഡ് പ്രതിരോധത്തിനായി ഇപ്പോള്‍ അവതരിപ്പിക്കുന്നതെങ്കിലും ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും എണ്ണം പ്രശ്‌നമാണ്.

Leave A Reply

Your email address will not be published.