Listen live radio

സിദ്ധാര്‍ഥന്റെ മരണം: 33 വിദ്യാര്‍ഥികളുടെ സസ്പെന്‍ഷന്‍ പുനഃസ്ഥാപിച്ചു

after post image
0

- Advertisement -

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥി തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ജെ.എസ്. സിദ്ധാര്‍ഥനെ മര്‍ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ 33 വിദ്യാര്‍ഥികളുടെ സസ്പെന്‍ന്‍ പിന്‍വലിച്ച വൈസ് ചാന്‍സലറുടെ നടപടി രാജ്ഭവന്റെ ഇടപെടലിനെത്തുടര്‍ന്ന് റദ്ദാക്കി. 33 പേരുടെയും സസ്പെന്‍ഷന്‍ പുനഃസ്ഥാപിച്ച് കോളജ് ഡീന്‍ ഉത്തരവിറക്കി. ഇന്നു മുതല്‍ ഏഴ് പ്രവൃത്തി ദിവസം ഇവര്‍ സസ്പെന്‍ഷന്‍ നേരിടണം. അസിസ്റ്റന്റ് രജിസ്ട്രാറുടെ ശിപാര്‍ശയിലാണ് ഇത്രയും വിദ്യാര്‍ഥികളുടെ സസ്പെന്‍ഷന്‍ വൈസ് ചാന്‍സലര്‍ പിന്‍വലിച്ചത് . കാമ്പസിലെ ലീഗല്‍ സെല്ലിന്റെ ചുമതല അസിസ്റ്റന്റ് രജിസ്ട്രാര്‍ക്കാണ്. സിദ്ധാര്‍ഥന്‍ സംഭവത്തില്‍ റിമാന്‍ഡിലുള്ള 20 പേരടക്കം 31 പേര്‍ക്ക് സര്‍വകലാശാല മൂന്നു വര്‍ഷം വരെ പഠനവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇവരെക്കൂടാതെ, 90 വിദ്യാര്‍ഥികളെയാണ് ഒരാഴ്ചത്തേക്കു സസ്പെന്‍ഡ് ചെയ്തത്.

ഇതില്‍ കാലാവധി കഴിഞ്ഞ മുറയ്ക്ക് അപ്പീല്‍ നല്‍കിയ 33 പേരുടെ സ്പെന്‍ഷനാണ് പിന്‍വലിച്ചത്. സിദ്ധാര്‍ഥന്‍ നിരന്തര ശാരീരിക, മാനസിക പീഡനത്തിന് ഇരയായപ്പോള്‍ ഹോസ്റ്റലില്‍ ഉണ്ടായിരുന്നവരാണ് സസ്പന്‍ഷന്‍ ഒഴിവായതില്‍ രണ്ടു പേര്‍. സീനിയര്‍ വിദ്യാര്‍ഥികളാണ് ഇവര്‍. വിസി സസ്പെന്‍ഷന്‍ പിന്‍വലിച്ച വിദ്യാര്‍ഥികളുടെ പട്ടികയില്‍ അസിസ്റ്റന്റ് രജിസ്ട്രാറുടെ മകനും സുഹൃത്തും ഉള്‍പ്പെടുമെന്നാണ് വിവരം.
നിയമോപദേശം തേടാതെയുള്ള നടപടി വിവാദമായ പശ്ചാത്തലത്തിലാണ് വൈസ് ചാന്‍സലര്‍ പി.സി. ശശീന്ദ്രന്‍ ഇന്നലെ ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കിയത്. വ്യക്തിപരമായ കാരണങ്ങളാല്‍ പദവി ഒഴിയുന്നതായാണ് കത്തില്‍. സിദ്ധാര്‍ഥന്‍ മരണപ്പെടുമ്പോള്‍ ഡോ.എം.ആര്‍. ശശീന്ദ്രനാഥായിരുന്നു വൈസ് ചാന്‍സലര്‍. ഗവര്‍ണര്‍ ഇദ്ദേഹത്തെ പദവിയില്‍നിന്നു നീക്കിയതിനെത്തുടര്‍ന്നായിരുന്നു സര്‍വകലാശാലയിലെ റിട്ട.അധ്യാപകനായ ഡോ.പി.സി. ശശീന്ദ്രനെ വിസിയാക്കിയത്. സിദ്ധാര്‍ഥന്‍ വിഷയത്തില്‍ വിദ്യാര്‍ഥികള്‍ക്കെതിരേ സര്‍വകലാശാല വിവിധങ്ങളായ നടപടികളാണ് സ്വീകരിച്ചത്. ഏതാനും വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പും ചിലരുടെ ഇന്റേണ്‍ഷിപ്പും റദ്ദാക്കിയിട്ടുണ്ട്.ഫെബ്രുവരി 18ന് ഉച്ചയ്ക്കാണ് സിദ്ധാര്‍ഥനെ കോളജ് ഹോസ്റ്റലിലെ ബാത്ത്റൂമില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടത്. വൈത്തിരി താലൂക്ക് ഗവ.ആശുപത്രിയിലാണ് മരണം സ്ഥിരീകരിച്ചത്. തുടര്‍ച്ചയായി മര്‍ദിക്കുകയും പരസ്യമായി അപമാനിക്കുകയും ചെയ്തവര്‍ മരണമല്ലാതെ മറ്റൊരു മാര്‍വുമില്ലാത്ത സാഹചര്യത്തിലേക്ക് സിദ്ധാര്‍ഥനെ നയിച്ചതായാണ് പോലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയത്. സിദ്ധാര്‍ഥന്‍ വിഷയത്തില്‍ വിദ്യാര്‍ഥികളും അധ്യാപകരും ഹോസ്റ്റല്‍ ജീവനക്കാരും ഉള്‍പ്പെടെ 97 പേരുടെ മൊഴിയെടുത്ത യുജിസി ആന്റി റാംഗിംഗ് സ്‌ക്വാഡ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് വിസിയുടെ രാജി.

Leave A Reply

Your email address will not be published.