Listen live radio

എക്‌സൈസ് ഉദ്യോഗസ്ഥനെ സ്‌കൂട്ടറിടിച്ച് പരിക്കേല്‍പ്പിച്ചു : യുവാവ് അറസ്റ്റില്‍

after post image
0

- Advertisement -

 

പുല്‍പ്പള്ളി : പെരിക്കല്ലൂരില്‍ വാഹനപരിശോധന നടത്തുന്നതിനിടെ എക്‌സൈസ് ഉദ്യോഗസ്ഥനെ സ്‌കൂട്ടറിടിച്ച് തെറിപ്പിച്ച് യുവാക്കള്‍ രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ സിവില്‍ എക്‌സൈസ് ഓഫീസര്‍ രാജേഷ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടമുണ്ടാക്കിയ ശേഷം കടന്നുകളഞ്ഞ മീനങ്ങാടി കുമ്പളേരി വരണാക്കുഴിയില്‍ അജിത്തി (23)നെ മണിക്കൂറുകള്‍ക്കുശേഷം പോലീസ് പുല്‍പ്പള്ളി ടൗണില്‍നിന്നു പിടികൂടി. ഇയാളോടൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഓടിരക്ഷപ്പെട്ടു.ചൊവ്വാഴ്ച രാത്രി 10.15-ഓടെയായിരുന്നു സംഭവം. ഉദ്യോഗസ്ഥര്‍ വാഹനത്തിന് കൈകാണിച്ച് നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും യുവാക്കള്‍ ഉദ്യോഗസ്ഥരുടെ ദേഹത്തേക്ക് സ്‌കൂട്ടര്‍ ഇടിച്ചുകയറ്റുകയായിരുന്നു.

വെട്ടത്തൂര്‍ ഭാഗത്തുനിന്നും കഞ്ചാവുമായി സ്‌കൂട്ടറില്‍ രണ്ട് യുവാക്കള്‍ വരുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് എക്‌സൈസിന്റെ ഇന്റര്‍ സെപ്റ്റര്‍ (കെമു) യൂണിറ്റ് രാത്രി 9.45-ഓടെ പെരിക്കല്ലൂരിലെത്തിയത്. പെരിക്കല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മുന്നിലെ വെട്ടത്തൂര്‍ പമ്പ്ഹൗസ് റോഡരികില്‍ വാഹനം നിര്‍ത്തിയിട്ട ശേഷം ഉദ്യോഗസ്ഥര്‍ വാഹന പരിശോധന നടത്തിവരുകയായിരുന്നു. ഇതിനിടെയാണ് രണ്ട് യുവാക്കള്‍ ഇതുവഴി സ്‌കൂട്ടറിലെത്തിയത്.
സിവില്‍ എക്‌സൈസ് ഓഫീസര്‍ രാജേഷിനാണ് വാഹനമിടിച്ച് സാരമായി പരിക്കേറ്റത്. മറ്റുള്ള ഉദ്യോഗസ്ഥര്‍ ഓടിമാറിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഉദ്യോഗസ്ഥനെ ഇടിച്ച സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് അല്പദൂരം മുന്നോട്ടുപോയി മറിഞ്ഞു. പരിക്കേറ്റ ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ യുവാക്കള്‍ ഇരുട്ടില്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഉടന്‍തന്നെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പുല്പള്ളി പോലീസില്‍ വിവരം നല്‍കി. തുടര്‍ന്ന് പുല്പള്ളി പോലീസിന്റെ പട്രോളിങ് സംഘം പരിശോധന നടത്തിവരുന്നതിനിടെ ബുധനാഴ്ച പുലര്‍ച്ചെ പുല്പള്ളി ടൗണില്‍നിന്ന് യുവാക്കളെ കണ്ടെത്തി. പോലീസിനെക്കണ്ട് അജിത്തിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഓടിരക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ എക്‌സൈസ് ഉദ്യോഗസ്ഥനെ ആദ്യം ബത്തേരിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ധചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ഉദ്യോഗസ്ഥന്റെ തലയ്ക്കുള്ളില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട്. ചെവിക്കുള്ളിലെ എല്ല് പൊട്ടുകയും തോളെല്ലിനും നെറ്റിയിലുമെല്ലാം പരിക്കുണ്ട്. വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അജിത്തിന്റെ ഒപ്പമുണ്ടായിരുന്ന മീനങ്ങാടി സ്വദേശിയായ സുഹൃത്തിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.