കെഎഫ്സി വായ്‌പത്തട്ടിപ്പിൽ ഇഡി രജിസ്റ്റർ ചെയ്ത കേസിൽ മുൻ എംഎൽഎ പി.വി. അൻവറിന് കുരുക്ക് മുറുകുന്നു. കെഎഫ്സി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ തരപ്പെടുത്തിയ വായ്‌പ ദുരുപയോഗം നടത്തിയതായി ഇഡി റെയ്‌ഡിൽ കണ്ടെത്തി. അഞ്ച് വർഷത്തിനിടെ അൻവറിന്റെ ആസ്തിയിൽ അൻപത് കോടി രൂപയുടെ വർധനയുണ്ടായതായും ഇഡി കണ്ടെത്തി.
അൻവറിന്റെ വീട്ടിലടക്കം ആറിടങ്ങളിൽ
വെള്ളിയാഴ്ച നടത്തിയ റെയ്ഡിലാണ്
ഇഡിക്ക് നിർണായക വിവരങ്ങൾ ലഭിച്ചത്.
അൻവറിന്റെ ഡ്രൈവറിന്റെയും
ബന്ധുക്കളുടെയും പേരുകളിൽ തുടങ്ങിയ
ബെനാമി സ്ഥാപനങ്ങൾക്കാണ്
കെഎഫ്സിയിൽ നിന്ന് പന്ത്രണ്ട് കോടി
രൂപ വായ്പ അനുവദിച്ചത്. ഒരേ
വസ്തുതന്നെ പണയം വെച്ചാണ് വിവിധ
ഘട്ടങ്ങളിലായി ലോൺ അനുവദിച്ചത്.
കെഎഫ്സിയിൽ നിന്നെടുത്ത
വായ്‌പകൾ പിവിആർ ടൗൺഷിപ്
പദ്ധതിക്കായാണ് ഉപയോഗിച്ചതെന്ന്
അൻവർ ചോദ്യം ചെയ്യലിൽ ഇഡിയോട്
സമ്മതിച്ചു.
2016ൽ 14 കോടി രൂപയായിരുന്നു അൻവറിന്റെ ആസ്തി. എന്നാൽ 2021ൽ ആസ്തി 64 കോടിയിലേക്ക് ഉയർന്നു. 2015 മുതൽ 2020 വരെ മറ്റു വരുമാനമില്ലെന്ന് അൻവർ വെളിപ്പെടുത്തിയതിന് വിരുദ്ധമാണ് ഈ കണക്ക്. ഈ വർധന സംബന്ധിച്ച് ഇഡിക്ക് തൃപ്ത്തികരമായ വിശദീകരണം നൽകാൻ അൻവറിന് കഴിഞ്ഞിട്ടില്ല. ഡ്രൈവറിന്റെ പേരിലുള്ള മാലാംകുളം കൺസ്ട്രക്ഷൻസ് തന്റെതാണെന്നും അൻവർ സമ്മതിച്ചു. പല സാമ്പത്തികയിടപാടുകളും ദുരൂഹമാണെന്നും ഇഡിയുടെ പരിശോധനയിൽ കണ്ടെത്തി.
പിവിആർ മെട്രോ വില്ലേജിൽ നടത്തിയ
പരിശോധനയിൽ പാർക്ക്, വില്ലകൾ
റിസോർട്ടുകളും സ്‌കൂളുമടക്കം വൻ
നിർമിതികളാണ് നടന്നിട്ടുള്ളതെന്നും ഇഡി കണ്ടെത്തി. നിർമാണങ്ങൾ
അനധികൃതമാണെന്നും തട്ടിയെടുത്ത
കോടികൾ ഈ നിർമാണങ്ങൾക്കാണ്
വിനിയോഗിച്ചതെന്നുമാണ് ഇഡിയുടെ
കണ്ടെത്തൽ. രേഖകൾ പോലും
പരിശോധിക്കാതെ അനധികൃതമായാണ്
കെഎഫ്സി ഉദ്യോഗസ്‌ഥർ വായ്പകൾ
അനുവദിച്ചതിൻ്റെ തെളിവുകളും ഇഡിക്ക്
ലഭിച്ചു.ടെക്സിനിക്കൽ ഓഫിസറും ലീഗൽ ഓഫിസറുമടക്കം വീഴ്‌ചകൾ ഇഡി ഉദ്യോഗസ്ഥരോട് തുറന്ന് സമ്മതിച്ചു. റെയ്ഡിൽ ബെനാമി പേരുകളിലുള്ള പതിനഞ്ച് അക്കൗണ്ടുകളാണ് ഇഡി കണ്ടെത്തിയത്. കൂടാതെ ഡിജിറ്റിൽ തെളിവുകളും രേഖകളും പരിശോധനയിൽ ലഭിച്ചു. വ്യവസായി മുരുഗേഷ് നരേന്ദ്രന്റെ പരാതിയിൽ നടക്കുന്ന വിജിലൻസ് അന്വേഷണത്തിൻ്റെ ചുവടുപിടിച്ചാണ് ഇഡി അന്വേഷണം. അൻവറിന് പുറമെ ഡ്രൈവർ സിയാദ് കെഎഫ്‌സി മലപ്പുറം ശാഖയിലെ മൂന്ന് ഉദ്യോഗസ്‌ഥരുമാണ് വിജിലൻസ് കേസിലെ പ്രതികൾ. അന്വേഷണത്തിന്റെ ഭാഗമായി പി.വി.അൻവറിനെയടക്കം വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും.














