ശബരിമല∙ സന്നിധാനത്ത് ഇന്നും തിരക്ക് നിയന്ത്രണ വിധേയം. ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയും മഴ പെയ്തെങ്കിലും ഇപ്പോൾ ശമിച്ചു. പമ്പയിലും നിലയ്ക്കലിലും നേരിയ തോതിൽ മഴ പെയ്തെങ്കിലും കാര്യമായ പ്രശ്നങ്ങളില്ല. നിലയ്ക്കലിലെ പാർക്കിങ് ഗ്രൗണ്ട് ഇന്നലെ രാത്രി തന്നെ നിറഞ്ഞിരുന്നു. പരാതികളും പരിഭവങ്ങളും ഇല്ലാതെയാണ് അയ്യപ്പന്മാർ മല ഇറങ്ങുന്നത്. അവധി ദിനമായിട്ടും കഴിഞ്ഞ ദിവസങ്ങളിൽ കാര്യമായ തിരക്ക് അനുഭവപ്പെട്ടിരുന്നില്ല.
ഇതുവരെ ആകെ എത്തിയ ഭക്തരുടെ എണ്ണം ഇന്നലെ രാത്രിയോടെ ആറര ലക്ഷം പിന്നിട്ടിരുന്നു. സ്‌പോട്ട് ബുക്കിങ് വഴി കൂടുതൽ പേർക്ക് ദർശനാനുമതി ഇന്നും നൽകും. ഓരോ ദിവസത്തെയും തിരക്കിന് അനുസരിച്ച് സ്പോട്ട് ബുക്കിങ് അനുവദിക്കുന്നവരുടെ എണ്ണത്തിൽ മാറ്റം വരുത്താൻ ഹൈക്കോടതി അനുവാദം നൽകിയിരുന്നു. ദേവസ്വം ബോർഡും പൊലീസും ചേർന്ന് ഓരോ സമയത്തെയും തിരക്ക് വിലയിരുത്തിയാണ് സ്പോട്ട്ബുക്കിങ് അനുവദിക്കുന്നത്.
ഭക്തര്‍ക്ക് സുഖദര്‍ശനം ഉറപ്പാക്കുന്നതിനുള്ള എല്ലാവിധ ക്രമീകരണങ്ങളും ശബരിമലയിലും മറ്റ് ബന്ധപ്പെട്ട കേന്ദ്രങ്ങളിലും സജ്ജമാണ്. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പതിനെട്ടാം പടി കയറുന്നവരുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. പരിചയസമ്പന്നരായ കൂടുതൽ പൊലീസുകാരെ നിയോഗിച്ചാണ് പടികയറുന്നവരുടെ എണ്ണത്തിൽ വർധന വരുത്തുന്നത്.














