കോട്ടയം∙ കോട്ടയം നഗരമധ്യത്തിൽ യുവാവ് കുത്തേറ്റു മരിച്ച സംഭവത്തിൽ നഗരസഭ മുൻ കോൺഗ്രസ് കൗൺസിലർ അനിൽകുമാറും മകൻ അഭിജിത്തും പൊലീസ് കസ്റ്റഡിയിൽ. പുതുപ്പള്ളി മാങ്ങാനം സ്വദേശി ആദർശ് (23) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ നാലു മണിയോടെയാണ് സംഭവം. അനിൽകുമാറിന്റെ വീടിനു മുന്നിൽ വച്ചാണ് ആദർശ് മരിച്ചത്. അഭിജിത്തും കൊല്ലപ്പെട്ട ആദർശും തമ്മിലുള്ള സാമ്പത്തിക തർക്കമാണ് കൊലപാതകത്തിനു കാരണമെന്നാണ് വിവരം.
ആദർശും സുഹൃത്തുക്കളും അർധരാത്രിയോടെ അഭിജിത്തിന്റെ വീട്ടിലെത്തി ബഹളമുണ്ടാക്കുകയായിരുന്നു. ഇത് സംഘർഷത്തിലെത്തുകയും അഭിജിത്ത് കത്തിയെടുത്ത് ആദർശിനെ കുത്തുകയുമായിരുന്നു. ബോധരഹിതനായ ആദർശിനെ കോട്ടയം മെഡിക്കൽ കോളജിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.














