തിരുവനന്തപുരം ∙ ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും മുൻ ദേവസ്വം കമ്മിഷണറുമായ എൻ.വാസുവിനെ കൈവിലങ്ങ് അണിയിച്ച് കോടതിയിൽ ഹാജരാക്കിയതിൽ പൊലീസുകാർക്കെതിരെ നടപടി വന്നേക്കും. എആർ ക്യാംപിലെ പൊലീസ് ഉദ്യോഗസ്ഥരാണ് പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നു വാസുവിനെ കൈവിലങ്ങ് അണിയിച്ച് ആദ്യതവണ കൊല്ലത്തെ വിജിലൻസ് കോടതിയിൽ ഹാജരാക്കിയത്. കൈവിലങ്ങ് ഏതൊക്കെ പ്രതികൾക്ക് വയ്ക്കണമെന്ന് നിയമത്തിൽ പ്രതിപാദിക്കുന്നതിനു വിരുദ്ധമായ നടപടിയാണിതെന്ന് ഡിജിപിക്ക് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകി.
നേരത്തേ മുരാരി ബാബു ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തപ്പോഴും വിലങ്ങ് വയ്ക്കരുതെന്ന് എസ്ഐടി എസ്പി എസ്. ശശിധരൻ നിർദേശം നൽകിയിരുന്നെങ്കിലും ചില പൊലീസ് ഉദ്യോഗസ്ഥർ അത് പാലിച്ചില്ല. അത് എസ്ഐടിയിൽ തന്നെ തർക്കത്തിനിടയാക്കിയപ്പോഴാണ് എൻ.വാസുവിനെ വിലങ്ങണിയിച്ചത്. ഇതിൽ ഡിജിപിയും എസ്ഐടി തലവനായ എഡിജിപി എച്ച്.വെങ്കിടേഷിനെ അതൃപ്തി അറിയിച്ചു. പ്രതിയുടെ പ്രായം, ഏതൊക്കെ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരെയാണ് കൈവിലങ്ങ് വയ്ക്കേണ്ടത് തുടങ്ങിയ കാര്യങ്ങളൊന്നും പരിഗണിച്ചില്ലെന്നാണ് കണ്ടെത്തൽ.














