കമ്പളക്കാട്: പറമ്പിൽ കോഴി കയറിയെന്നാരോപിച്ച് വയോധിക ദമ്പതികൾക്ക് അയൽവാസിയുടെ ക്രൂരമർദനം.കമ്പളക്കാട് ചുണ്ടക്കര ഒറ്റപ്ലാക്കൽ ലാൻസി തോമസ് (63), ഭാര്യ അമ്മിണി (60) എന്നിവർക്കാണ് മർദനമേറ്റത്.അയൽവാസിയായ തോമസ് വൈദ്യരാണ് ഇവരെ മർദ്ദിച്ചത്. ഇയ്യാൾക്കെതിരെ കമ്പളക്കാട് പോലീസ് വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു. മർദനത്തിൽ ലാൻസിന്റെ ഇരു കൈകളും, അമ്മിണിയുടെ ഒരു കൈയ്യും ഒടിഞ്ഞിട്ടുണ്ട്.
കൂടാതെ അമ്മിണിയുടെ തലയ്ക്ക് മുറിവേൽക്കുകയും, കാലിന് ചതവേൽക്കുകയും ചെയ്തിട്ടുണ്ട്. അമ്മിണി നിലവിൽ ന്യൂറോ സർജൻ്റെ നിർദേശപ്രകാരം മരുന്നു കഴിച്ച് വന്നിരുന്ന വ്യക്തിയുമായിരുന്നു. അതിനിടയിലാണ് ഈ സംഭവം. വർഷങ്ങൾക്ക് മുമ്പേ ഇരു കുടുംബങ്ങൾക്കും ഇടയിൽ വഴി തർക്കവും മറ്റും നില നിന്നിരുന്നു. മുൻപ് ഒരു തവണ തോമസ് ലാൻസിനെ ആക്രമിച്ചതായി പറയുന്നുണ്ട്. അന്ന് ലാൻസറിയാതെ പോലീസ് പരാതി ഒതുക്കിയതായി ലാൻസ് ആരോപിക്കുന്നുണ്ട്. സംഭവ ശേഷം തോമസും ഏതോ ആശുപത്രിയിൽ ചികിത്സ തേടിയതായി പറയുന്നുണ്ട്. പ്രസ്‌തുത വിവരങ്ങൾ ലഭ്യമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.














