വാരണസി∙ ഗംഗാനദിയിൽ ബോട്ടിൽ ഇഫ്താർ വിരുന്ന് നടത്തി ബിരിയാണി കഴിച്ച പതിനാലുപേരെ അറസ്റ്റ് ചെയ്തു. ബോട്ടിൽ വച്ചു ബിരിയാണി കഴിച്ചെന്നും എല്ലും മറ്റ് അവശിഷ്ടങ്ങളും ഗംഗാനദിയിലേക്ക് വലിച്ചെറിഞ്ഞെന്നും ആരോപിച്ചാണ് അറസ്റ്റ്. വാരാണസിയിലെ ബിജെപി യുവമോർച്ച നേതാവ് രജത് ജയ്സ്വാളിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഇഫ്താർ വിരുന്നിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്.
ഗംഗയിൽ മാലിന്യം നിക്ഷേപിച്ചത് മതവികാരത്തെ വ്രണപ്പെടുത്തിയെന്നും ജയ്സ്വാൾ ആരോപിച്ചു. യുവാക്കൾക്കെതിരെ ഭാരതീയ ന്യായ സംഹിതയുടെ വിവിധ വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തു. ആരാധനാലയം മലിനമാക്കൽ, മതവികാരം വ്രണപ്പെടുത്തൽ, ഗ്രൂപ്പുകൾക്കിടയിൽ ശത്രുത പ്രോത്സാഹിപ്പിക്കൽ, പൊതു ശല്യം, തുടങ്ങിയ വകുപ്പുകൾ ഇതിൽ ഉൾപ്പെടുന്നു. ജല മലിനീകരണം നിയന്ത്രണ നിയമവും കേസിൽ ചുമത്തിയിട്ടുണ്ട്. പ്രചരിച്ച വിഡിയോയുടെ ആധികാരികത പരിശോധിച്ച ശേഷമാണ് അറസ്റ്റെന്നും പൊലീസ് വ്യക്തമാക്കി.














