കൊച്ചി∙ നടിയെ ആക്രമിച്ച കേസിൽ പ്രതികൾക്കുള്ള ശിക്ഷാവിധി പ്രഖ്യാപിച്ച് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി. ജഡ്ജി ഹണി.എം.വർഗീസ് ആണ് 1 മുതൽ 6 വരെയുള്ള പ്രതികൾക്കുള്ള ശിക്ഷയാണ് വിധിച്ചത്. എല്ലാ പ്രതികൾക്കും 20 വർഷം കഠിന തടവാണ് വിധിച്ചിരിക്കുന്നത്. 50,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഒന്നാം പ്രതി എൻ.എസ്.സുനിൽ (പൾസർ സുനി). രണ്ടാം പ്രതി മാർട്ടിൻ ആന്റണി, മൂന്നാം പ്രതി ബി.മണികണ്ഠൻ, നാലാം പ്രതി വി.പി.വിജീഷ്, അഞ്ചാം പ്രതി എച്ച്.സലിം, ആറാം പ്രതി പ്രദീപ് എന്നിവർക്കാണ് കൂട്ടബലാത്സംഗ കേസിൽ 20 വർഷം കഠിനതടവ് വിധിച്ചിരിക്കുന്നത്. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം. അതിജീവിതക്ക് 5 ലക്ഷം രൂപ പിഴ തുകയിൽ നിന്ന് നൽകാനും വിധിയിൽ പറയുന്നു. അതിജീവിതയുടെ വിവാഹനിശ്ചയ മോതിരം തിരികെ നൽകണമെന്നും കോടതി വിധിച്ചു. തൊണ്ടിമുതലിന്റെ ഭാഗമായുള്ള മോതിരമാണ് അതിജീവിതക്ക് തിരികെ നൽകേണ്ടത്. മോതിരം കാണത്തക്ക വിധത്തിലാണ് പ്രതികൾ കൂട്ടബലാത്സംഗം നടന്ന ദിവസത്തിൽ അതിജീവിതയുടെ വിഡിയോ ചിത്രീകരിച്ചത്.
ഒന്നാം പ്രതി സുനിലിന് ഐടി ആക്ട് പ്രകാരം 5 വർഷം കൂടി തടവ് ഉണ്ട്. ഇത് പക്ഷേ 20 വർഷത്തെ കഠിനതടവിന് ഒപ്പം അനുഭവിച്ചാൽ മതി. ജീവപര്യന്തം തടവാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നതെങ്കിലും 20 വർഷം കഠിനതടവിന് വിധിക്കുകയായിരുന്നു. ഉദ്വേഗജനകമായ ഒരു പകൽ നീണ്ട കാത്തിരിപ്പിനും വാദപ്രതിവാദങ്ങൾക്കും ശേഷമാണ് പ്രതികൾക്കുള്ള ശിക്ഷ കോടതി വിധിച്ചിരിക്കുന്നത്. 3.30ന് വിധി പ്രസ്താവിക്കുമെന്നാണ് കോടതി അറിയിച്ചിരുന്നതെങ്കിലും വിധി പകർപ്പ് പ്രിന്റ് ചെയ്യുന്നതിലെ സാങ്കേതിക കാലതാമസം കാരണം 4.45 ഓടെയാണ് വിധി പ്രസ്താവിച്ചത്. അതേസമയം ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് അന്വേഷണം ഉദ്യോഗസ്ഥന്റെ കസ്റ്റഡിയിൽ സുരക്ഷിതമായി വയ്ക്കണമെന്നും കോടതി നിർദേശിച്ചു.













