അമ്പത്തിരണ്ടാം വയസ്സിൽ ഡേറ്റിങ് ആപ്പിൽ ചേരാനെടുത്ത തീരുമാനം ആ ബിസനസുകാരൻ ഒരിക്കലും മറക്കില്ല!‘ അരക്കോടി രൂപയ്ക്ക് മുകളിൽ പണം നഷ്ടമായതിന് പുറമെ മാനഹാനിയും ചീത്തപ്പേരും! എല്ലാത്തിനും കാരണം ഡേറ്റിങ് ആപ്പിൽ പരിചയപ്പെട്ട പ്രിയങ്ക ഗുപ്ത എന്ന പെൺകുട്ടി നൽകിയ ഉപദേശം. കഥ കേട്ടപ്പോൾ പൊലീസുകാർക്കും വിശ്വസിക്കാനായില്ല. ആ കഥ ഇങ്ങനെ:ലോജിസ്റ്റിക്സ്, മാർക്കങ് ബിസിനസ് നടത്തുന്ന മുംബൈ സ്വദേശിയാണ് പരാതിക്കാരൻ. വിവാഹം കഴിക്കണമെന്ന മോഹത്തോടെയാണ് ഇദ്ദേഹം ഡേറ്റിങ് ആപ്പിൽ ചേർന്നത്. അധികം വൈകാതെ ഒരു പെൺകുട്ടിയുടെ അക്കൗണ്ടിൽ നിന്ന് ഫ്രണ്ട് റിക്വസ്റ്റ് കിട്ടി. ജുഹു സ്വദേശിയായ പ്രിയങ്ക ഗുപ്തയെന്നാണ് ഇവർ പരിചയപ്പെടുത്തിയത്. ഭർത്താവുമായി പിരിഞ്ഞ്, ആറ് വയസുള്ള കുട്ടിയുമായി കഴിയുകയാണെന്നും ഇവർ പറഞ്ഞിരുന്നു. വാട്സാപ്പ് നമ്പർ കൈമാറിയ ഇരുവരും പിന്നാലെ ചാറ്റിങ്ങും തുടങ്ങി. പിന്നാലെ വിവാഹം കഴിക്കാനുള്ള തീരുമാനത്തിലുമെത്തി.
ഇക്കഴിഞ്ഞ ഒക്ടോബർ 13നാണ് യുവതി മറ്റൊരു കാര്യം ബിസിനസുകാരനോട് പറഞ്ഞത്. താൻ ഒരു ട്രേഡിങ് പ്ലാറ്റ്ഫോമിൽ നിക്ഷേപം നടത്താറുണ്ടെന്നും ഉയർന്ന നേട്ടമാണ് ലഭിക്കുന്നതെന്നും. മാർക്കറ്റ് ആക്സസ് കമ്പനി എന്ന പ്ലാറ്റ്ഫോം വഴി നിക്ഷേപം നടത്താൻ പരാതിക്കാരനെയും നിർബന്ധിച്ചു. ആദ്യം മടിച്ചെങ്കിലും പ്രതിശ്രുത വധുവിന്റെ മധുരവാക്കുകൾ കേട്ട് നിക്ഷേപിക്കാനുള്ള തീരുമാനമെടുത്തു. പല തവണയായി 53.30 ലക്ഷം രൂപ ആപ്പിൽ നിക്ഷേപിച്ചെന്നാണ് പരാതിക്കാരന്റെ മൊഴി. തുടക്കത്തിൽ കാര്യങ്ങളെല്ലാം വളരെ സ്മൂത്തായിരുന്നു. ദിവസങ്ങൾക്കുള്ളിൽ ആപ്പിലെ ബാലൻസ് 1.08 കോടി രൂപയായി വളരുകയും ചെയ്തു.എന്നാൽ, ചില ആവശ്യങ്ങൾക്ക് വേണ്ടി അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ ഒരുങ്ങിയപ്പോഴാണ് കഥ മാറിയത്. അക്കൗണ്ടിലെ തുകയുടെ 30 ശതമാനം ബാങ്കിൽ ഡെപ്പോസിറ്റ് ചെയ്താൽ മാത്രമേ പണം പിൻവലിക്കാൻ കഴിയൂ എന്നായിരുന്നു പ്ലാറ്റ്ഫോം നടത്തിപ്പുകാരുടെ മറുപടി. ഇത്രയും പണം തന്റെ പക്കൽ ഇല്ലെന്നും ആദ്യം നിക്ഷേപിച്ച തുകയെങ്കിലും തിരികെ നൽകാനും ആവശ്യപ്പെട്ടെങ്കിലും മറുപടി ആശാവഹമായിരുന്നില്ല. കബളിക്കപ്പെട്ടെന്ന് മനസ്സിലാക്കിയതോടെ ബിസിനസുകാരൻ പൊലീസിൽ പരാതി നൽകി. തട്ടിപ്പിനും ഐടി നിയമ പ്രകാരമുള്ള വകുപ്പുകളും ചേർത്ത് കേസെടുത്ത പൊലീസ് അന്വേഷണം തുടരുകയാണ്.














