പയ്യന്നൂർ ( കണ്ണൂർ) ∙ മംഗളൂരു അമൃത്‌ഭാരത് എക്സ്പ്രസിന്റെ പയ്യന്നൂരിലെ ആദ്യ സ്റ്റോപ് നടപ്പാക്കാൻ അതേ ട്രെയിനിലെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ സ്വീകരിക്കാൻ റെയിൽവേ സ്റ്റേഷനിൽ അണികളുണ്ടായില്ല. പ്ലാറ്റ്ഫോമിലിറങ്ങി 6 മിനിറ്റ് ചെലവഴിച്ച സുരേഷ് ഗോപി അതൃപ്തി പ്രകടമാക്കി, അതേ ട്രെയിനിൽ യാത്ര തുടർന്നു. ഇന്നലെ പുലർച്ചെ 1.44ന് ആണ് സംഭവം. മന്ത്രിക്ക് കണ്ണൂർ മുതൽ കാഞ്ഞങ്ങാട് വരെ സഞ്ചരിക്കാൻ അമൃത്‌ഭാരത് തലശ്ശേരിയിൽ ഒരുമണിക്കൂർ പിടിച്ചിടുകയും ചെയ്തു.
നാഗർകോവിൽ – മംഗളൂരു റൂട്ടിലും തിരിച്ചുമുള്ള അമൃത്‌ഭാരത് എക്സ്പ്രസിന് പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ സ്റ്റോപ് അനുവദിച്ചത് കഴിഞ്ഞയാഴ്ചയാണ്. ഇത് സുരേഷ് ഗോപിയുടെ ഇടപെടൽ മൂലമാണെന്ന് ബിജെപിയും എംപിമാരുടെ ഇടപെടൽ വഴിയെന്ന് കോൺഗ്രസും അവകാശപ്പെട്ടിരുന്നു. സ്റ്റോപ്പനുവദിച്ച ശേഷം മംഗളൂരുവിലേക്കുള്ള ആദ്യ ട്രെയിനിൽ മൂന്നിടത്തും സുരേഷ് ഗോപി എത്തുമെന്ന അറിയിപ്പ് ലഭിക്കുകയും സ്വീകരണത്തിന് ബിജെപി തയാറെടുപ്പ് നടത്തുകയും ചെയ്തു. മന്ത്രി തിരുവനന്തപുരത്തുനിന്ന് ചൊവ്വാഴ്ച വൈകിട്ട് വന്ദേഭാരത് എക്സ്പ്രസിൽ യാത്രതിരിച്ച് രാത്രി 10.36ന് കണ്ണൂരിലിറങ്ങി അവിടെനിന്ന് പുലർച്ചെ 12.50ന് അമൃത്‌ഭാരതിൽ കയറുമെന്നും 1.19ന് പയ്യന്നൂർ, 1.37ന് നീലേശ്വരം, 1.49ന് കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ എത്തുമെന്നും കാഞ്ഞങ്ങാട്ടുനിന്ന് താമസസ്ഥലമായ ബേക്കൽ താജിലേക്കു റോഡ് മാർഗം പോകുമെന്നുമായിരുന്നു അറിയിപ്പ്. എന്നാൽ, ചൊവ്വാഴ്ച വന്ദേഭാരത് എക്സ്പ്രസ് രണ്ടു മണിക്കൂറിലേറെ വൈകി. ഇതിനിടയിൽ അമൃത്‌ഭാരത് 11.50ന് തലശ്ശേരിയിലെത്തി. അപ്പോൾ വന്ദേഭാരത് 64 കിലോമീറ്റർ പിന്നിലായി കോഴിക്കോട്ട് എത്തിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ഇതോടെ, വന്ദേഭാരതിലുള്ള മന്ത്രി എങ്ങനെ അമൃത്‌ഭാരതിൽ കയറുമെന്ന് അണികൾക്കു സംശയമായി. ബിജെപി നേതാക്കളെയും റെയിൽവേ അധികൃതരെയും ബന്ധപ്പെട്ടെങ്കിലും മന്ത്രിയുടെ യാത്ര എങ്ങനെയായിരിക്കുമെന്ന കൃത്യമായ വിവരം ലഭിച്ചില്ല. ഇതോടെ, അർധരാത്രി വരെ കാത്തുനിന്ന അണികൾ മടങ്ങിപ്പോവുകയായിരുന്നു.
ഇതേസമയം, മന്ത്രി യാത്രചെയ്ത ട്രെയിൻ കടന്നുപോകാൻ വേണ്ടി അമൃത്‌ഭാരത് എക്സ്പ്രസ് തലശ്ശേരിയിൽ ഒരുമണിക്കൂർ പിടിച്ചിട്ടു. 12.51ന് വന്ദേഭാരതും സുരേഷ് ഗോപിയും കണ്ണൂരിലെത്തി. പിന്നാലെ അമൃത്‌ഭാരത് 1.09ന് കണ്ണൂരിലെത്തി; സുരേഷ് ഗോപി അതിൽ കയറി. സ്വീകരണം പ്രതീക്ഷിച്ച് 1.44ന് പയ്യന്നൂരിലെത്തിയപ്പോൾ അവിടെ പ്ലാറ്റ്ഫോമിൽ അണികളാരും ഉണ്ടായിരുന്നില്ല.














