കണ്ണൂർ∙ പൊലീസിന് നേരെ ബോംബറിഞ്ഞ കേസിൽ ജയിലിലായ സിപിഎം നേതാവിന് ഒരു മാസത്തിനുള്ളിൽ പരോൾ. പയ്യന്നൂർ നഗരസഭ കൗൺസിലറായി മത്സരിച്ച് വിജയിച്ച വി.കെ.നിഷാദിനാണ് ആറു ദിവസത്തേക്ക് അടിയന്തര പരോൾ ലഭിച്ചത്. ജയിലിലായതിനാൽ നിഷാദിന് സത്യപ്രതിജ്ഞ ചെയ്യാൻ സാധിച്ചിരുന്നില്ല. സത്യപ്രതിജ്ഞ ചെയ്യാൻ വേണ്ടിയാണ് അടിയന്തരമായി പരോൾ നൽകിയതെന്നാണ് വിവരം.
2012 ഓഗസ്റ്റ് ഒന്നിന് പയ്യന്നൂർ പൊലീസ് സംഘം സഞ്ചരിച്ച ജീപ്പിനുനേരെ ബോംബെറിഞ്ഞ കേസിൽ കഴിഞ്ഞ മാസം 25നാണ് നിഷാദിനെ ശിക്ഷിച്ചത്. പയ്യന്നൂർ നഗരസഭ 46ാം വാർഡിൽ സ്ഥാനാർഥിയായിരിക്കെ ആയിരുന്നു ഇത്. വിവിധ വകുപ്പുകളിലായി 20 വർഷം കഠിനതടവും 2.5 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. എന്നാൽ പത്ത് വർഷം ശിക്ഷ അനുഭവിച്ചാൽ മതി. നിഷാദ് ജയിലിലായതോടെ സിപിഎം പ്രവർത്തകർ സ്ഥാനാർഥിയില്ലാതെ പ്രചാരണം നടത്തുകയായിരുന്നു.














