Kerala

കൂടെ വരാൻ വിളിച്ചിട്ടും അവർ വന്നില്ല…’ കണ്ണമാലി പൊലീസിന്റെ ക്രൂരതയിൽ പുതിയ വിശദീകരണം

കൊച്ചി ∙ ചെല്ലാനത്ത് ബൈക്കിൽ വന്ന യുവാക്കളെ വലിച്ചു താഴെയിട്ടെന്ന പരാതിക്കു പിന്നാലെ കേസെടുത്ത പൊലീസ് സംഭവത്തിൽ പുതിയ വിശദീകരണവുമായി രംഗത്ത്. പരുക്കേറ്റവരോട് കൂടെ വരാൻ പറഞ്ഞെങ്കിലും വേണ്ടെന്ന് പറഞ്ഞെന്നും അതിനാലാണ് പരുക്കേറ്റ പൊലീസുകാരനുമായി എസ്ഐ പോയതെന്നുമാണ് വിശദീകരണം. യുവാക്കൾ പൊലീസുകാരനെ ഇടിച്ചിടുകയായിരുന്നു എന്നും പൊലീസ് പറയുന്നു. ഇക്കാര്യത്തിൽ ഇന്നലെതന്നെ പൊലീസ് കേസുമെടുത്തിരുന്നു.

എന്നാൽ പൊലീസുകാരൻ കൈയിൽ പിടിച്ച് വലിച്ചിടുകയായിരുന്നുവെന്ന് ബൈക്കിനു പിന്നിലിരുന്ന ആലപ്പുഴ സ്വദേശി രാഹുൽ സാബു ആവർത്തിച്ചു. താനും കൂടിയാണ് പൊലീസുകാരനെ ആശുപത്രിയിൽ കൊണ്ടുപോകാൻ ജീപ്പിൽ കയറ്റിയതെന്നും എന്നിട്ടും മനഃസാക്ഷിയില്ലാതെയാണ് കൂടെയുണ്ടായിരുന്ന എസ്ഐ പെരുമാറിയതെന്നും രാഹുൽ പറഞ്ഞു.

പൊലീസ് ഉദ്യോഗസ്ഥരുടെ നടപടിയെ ഡിസിപി അശ്വതി ജിജി ന്യായീകരിച്ചു. ‘‘ഓവർ സ്പീഡിൽ ബൈക്ക് വന്നു. എന്തോ പന്തികേട് തോന്നി ഓഫീസർ കൈ കാണിച്ചു. ഓഫിസർ നോക്കുമ്പോൾ ബൈക്ക് ഡ്രൈവറിനെ ഇടിച്ചിട്ടുണ്ടായിരുന്നു. ഡ്രൈവർക്ക് ബോധം പോയിരുന്നു. ചെവിയിൽ കൂടിയും മൂക്കിൽ കൂടിയും രക്തം വരുന്നുണ്ടെന്ന് മനസിലായി. ബൈക്ക് യാത്രികരും വീണു. അവർക്ക് പക്ഷേ ബോധമുണ്ട്, അവർ എണീറ്റിരുന്നു. പരിക്കു പറ്റിയ അവരോടും കൂടെ വരാൻ പറഞ്ഞു. അതു വേണ്ട, ഞാൻ കൊണ്ടു വന്നുകൊള്ളാം എന്നു പറഞ്ഞതുകൊണ്ടു മാത്രമാണ് പൊലീസ് പോയത്’’, ഇങ്ങനെയാണ് ഡിസിപി മാധ്യമങ്ങളോട് പ്രതികരിച്ചത്.

ആലപ്പുഴ കൊമ്മാടി കളരിക്കൽ വീട്ടിൽ അനിൽ രാജേന്ദ്രനും രാഹുലും ഫോർട്ട് കൊച്ചിയിലെ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്ത് തിരികെ വരുന്ന വഴി ഇന്നലെ വെളുപ്പിനെ രണ്ടു മണിയോടെ ചെല്ലാനത്തു വച്ച് കണ്ണമാലി പൊലീസ് ബൈക്കിനു കൈ കാണിക്കുകയായിരുന്നു. വേഗതയിലായിരുന്നു യുവാക്കളെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ബൈക്ക് വേഗത്തിൽ വരുന്ന ദൃശ്യത്തിനൊപ്പം ഒരു അലർച്ചയും പിന്നാലെ ബൈക്ക് മറിയുന്നതിന്റെ ശബ്ദവും കേൾക്കാം. തങ്ങൾ വേഗത്തിലാണ് വന്നതെന്ന് രാഹുൽ തന്നെ സമ്മതിക്കുന്നു. അടുത്തു വന്നപ്പോഴാണ് പൊലീസുകാരൻ കൈകാണിക്കുന്നത് കാണുന്നത്.

വേഗം കുറച്ച് നിർത്താൻ ശ്രമിക്കുമ്പോൾ അനിലിന്റെ വലതുകൈയിൽ സിപിഒ ബിജുമോൻ കയറിപ്പിടിക്കുകയായിരുന്നു എന്ന് രാഹുൽ പറയുന്നു. ഇതോടെ ബൈക്കുമായി തങ്ങളും ബിജുമോനും വീഴുകയായിരുന്നു. വീണശേഷം എഴുന്നേറ്റ താൻ സുഹൃത്തിനെ എടുക്കുന്നതിനു മുൻപ് പൊലീസുകാരനെയാണ് എടുക്കാൻ ശ്രമിച്ചതെന്ന് രാഹുൽ പറയുന്നു. പിന്നീടാണ് എസ്ഐയുടെയും അതിലെ വന്ന മറ്റൊരാളുടേയും സഹായത്തോടെ ബിജുമോനെ ജീപ്പിൽ കയറ്റുകയായിരുന്നു.തന്റെ സുഹൃത്തിനെക്കൂടി കൊണ്ടു പോകണമെന്ന് പറഞ്ഞപ്പോൾ ‘നീ കൊണ്ടുപോയാൽ മതി’യെന്ന് പറഞ്ഞ് എസ്ഐ പോവുകയായിരുന്നുവെന്നും രാഹുൽ ആരോപിക്കുന്നു. പിന്നീട് ധരിച്ചിരുന്ന ടീ ഷർട്ടും ബെൽറ്റും വച്ച് ശരീരത്തോട് ചേർത്തു കെട്ടി അതേ ബൈക്കിൽ തന്നെ അനിലിനെ 22 കിലോമീറ്റർ അകലെയുള്ള ചെട്ടിക്കാട് ഗവ. ആശുപത്രിയിൽ എത്തിക്കുകയായിരുന്നു രാഹുൽ. അവിടെ നിന്ന് വണ്ടാനം മെഡിക്കൽ കോളജിലേക്കും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും എത്തിച്ചു.

അപകടമുണ്ടായതിനു പിന്നാലെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ബിജുമോന്റെ കയ്യിലെ എല്ലുപൊട്ടിയതിന് ശസ്ത്രക്രിയ നടത്തി. ഇതിനു പിന്നാലെ യുവാക്കൾക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.