Wayanad

സിറ്റിസൺ റെസ്‍പോൺസ് പ്രോഗ്രാം: കര്‍മസേന അംഗങ്ങളുടെ പരിശീലനത്തിന് തുടക്കം

സംസ്ഥാനത്തിന്റെ പുരോഗതിക്കും വികസനത്തിനും പുതിയ കരുത്തും ദിശാബോധവും നൽകാൻ ജനങ്ങളുടെ അഭിപ്രായങ്ങൾ ആരായാനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന നവകേരളം സിറ്റിസൺ റെസ്‍പോൺസ് പ്രോഗ്രാമിന്റെ ഭാഗമായി കര്‍മസേന അംഗങ്ങൾക്കുള്ള പരിശീലനത്തിന് ജില്ലയിൽ തുടക്കമായി. കൽപ്പറ്റ, മാനന്തവാടി മണ്ഡലങ്ങളിലെ ദ്വിദിന പരിശീലന പരിപാടിയാണ് കളക്ടറേറ്റ് എ.പി.ജെ ഹാളിലും മാനന്തവാടി ബ്ലോക്ക് ഹാളിലുമായി ആരംഭിച്ചത്.

ഡെപ്യൂട്ടി കളക്ടറും നവകേരള കര്‍മ്മ പദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്ററുമായ ഇ. സുരേഷ് ബാബു പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചുനവകേരള ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി ആശയങ്ങളും അഭിപ്രായങ്ങളും നിര്‍‌ദേശങ്ങളും ജനങ്ങളിൽ നിന്ന് സമാഹരിക്കുക, ഇപ്പോൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വികസന-ക്ഷേമ പദ്ധതികൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള അഭിപ്രായങ്ങൾ പഠിക്കുക, വികസന ക്ഷേമ പരിപാടികൾ എല്ലാ പ്രദേശങ്ങളിലും ആവശ്യകതയ്ക്കനുസരിച്ച് ലഭ്യമായോ എന്ന കാര്യത്തിൽ അഭിപ്രായം തേടുക, പുതിയ തൊഴിലവസരങ്ങൾ, വികസന പദ്ധതികൾ എന്നിവയിൽ ജനകീയ അഭിപ്രായം രൂപീകരിക്കുക എന്നിവയാണ് നവകേരളം സിറ്റിസൺസ് റെസ്‍പോൺസ് പ്രോഗ്രാം – വികസന ക്ഷേമ പഠന പരിപാടിയുടെ ലക്ഷ്യങ്ങൾ. വീടുകൾ, തൊഴിൽശാലകൾ കൃഷിയിടങ്ങൾ, ഫ്ലാറ്റുകൾ, ഉന്നതികൾ, വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങൾ, കുടുംബശ്രീ, ഗ്രാമീണ തൊഴിലുറപ്പ് മേഖലകൾ, പൊതുഇടങ്ങൾ, വ്യാപാര കേന്ദ്രങ്ങൾ ഉൾപ്പെടെ സമൂഹത്തിന്റെ എല്ലാ മേഖലകളിലും കര്‍മസസേനാംഗങ്ങൾ സന്ദര്‍ശിച്ച് അഭിപ്രായങ്ങൾ ശേഖരിക്കും.

ജനകീയ പങ്കാളിത്തത്തോടെ നവകേരളം പടുത്തുയര്‍ത്താനുള്ള സംസ്ഥാന സര്‍ക്കാറിന്റെ പരിശ്രമത്തിന് കൂടുതൽ ആക്കവും ദിശാബോധവും നൽകാനാണ് ഈ പഠന പരിപാടി. തങ്ങളുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും ആശയങ്ങളും സര്‍ക്കാറിലേക്ക് എത്തിക്കാനും നവകേരള സൃഷ്ടിയിൽ പങ്കുചേരാനും നാട്ടിലെ ഓരോ പൗരനും അവസരം നൽകാൻ ഇതിലൂടെ കഴിയും. ജനുവരി ഒന്ന് മുതൽ കര്‍മസേന അംഗങ്ങൾ വീടുകളിലെത്തി വിവരശേഖരണം നടത്തും. കൽപ്പറ്റയിൽ സിറ്റിസണ്‍ റെസ്‌പേണ്‍സ് പ്രോഗ്രാം കണ്‍വീനര്‍ കൂടിയായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.റഷീദ് ബാബു സംസാരിച്ചു. കില റിസോഴ്‌സ്‌പേഴ്‌സണ്‍മാരായ പി. സുരേഷ് ബാബു, ടി.എന്‍ മുരളി, നവകേരള റിസോഴ്‌സ്‌പേഴ്‌സണ്‍മാരായ അഖിയ, അതുല്യ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. മാനന്തവാടിയിൽ അസംബ്ലി തല ചാർജ് ഓഫീസർ കൂടിയായ എൻ.ആർ.ഇ.ജി.എ ബ്ലോക് പ്രോഗ്രാം ഓഫീസര്‍ സി സുധീര്‍, കില റിസോഴ്‌സ്‌പേഴ്‌സണ്‍മാരായ എസ് അജയകുമാർ, എം.ആർ പ്രഭാകരൻ, ഷൈല, ലൈല എന്നിവര്‍ നേതൃത്വം നൽകി.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.