തൃശൂർ∙ അഞ്ചോളം കൊലക്കേസ്, മോഷണം അടക്കം അൻപതിലധികം കേസിലെ പ്രതി, വേഷം മാറുന്നതിൽ വിദഗ്ധൻ, ഒരു സ്ഥലത്ത് ലുങ്കിയാണ് വേഷമെങ്കിൽ മറ്റൊരിടത്തു പ്രത്യക്ഷപ്പെടുന്നത് ജീൻസും കൂളിങ് ഗ്ലാസും ധരിച്ച്– നവംബർ മൂന്നിനു വിയ്യൂർ ജയിലിനു മുന്നിൽനിന്നു രക്ഷപ്പെട്ടശേഷം കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ പിടിയിലായ കുപ്രസിദ്ധ കുറ്റവാളി ബാലമുരുകനെക്കുറിച്ച് ചുരുക്കത്തിൽ ഇങ്ങനെ പറയാം.
ട്രിച്ചിക്കു സമീപം ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് ബാലമുരുകനെ തെങ്കാശിയിൽ നിന്നുള്ള ക്യൂബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. തുടർന്ന് ഊട്ടുമല പൊലീസ് സ്റ്റേഷനിലെത്തിച്ചു ബാലമുരുകൻ തന്നെയെന്നുറപ്പാക്കിയ ശേഷമായിരുന്നു അറസ്റ്റ്. മധുര പാളയംകോട്ടയിൽ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി രാത്രി വൈകി റിമാൻഡ് ചെയ്തു. തൃശൂർ സിറ്റി പൊലീസിനു പ്രതിയെ കൈമാറുന്നതടക്കം തുടർനടപടികൾ വൈകാതെയുണ്ടാകും.
തമിഴ്നാട്ടിലെ കോടതിയിൽ ഹാജരാക്കിയശേഷം വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്കെത്തിക്കുമ്പോഴാണ് നവംബറിൽ ബാലമുരുകൻ രക്ഷപ്പെട്ടത്. ജയിലിലേക്കു കയറ്റാൻ വിലങ്ങ് ഊരിയപ്പോഴാണ് ഓടി രക്ഷപ്പെട്ടത്. പിന്നീട്, മോഷ്ടിച്ച ബൈക്കിലാണ് ജില്ല വിട്ടതെന്നാണ് പൊലീസ് അന്വേഷണത്തിൽ മനസ്സിലായത്. ഒരു വീടിനു മുന്നിൽ താക്കോൽ സഹിതം നിർത്തിയിട്ടിരുന്ന ബൈക്കാണ് മോഷ്ടിച്ചത്. രണ്ടാം തവണയാണ് കേരള പൊലീസിന്റെ കയ്യിൽനിന്ന് ബാലമുരുകൻ രക്ഷപ്പെടുന്നത്. മറയൂരിൽ നടന്ന മോഷണങ്ങളുടെ തെളിവെടുപ്പിന് തമിഴ്നാട്ടിലെത്തിച്ചപ്പോഴായിരുന്നു ആദ്യ രക്ഷപ്പെടൽ.
തമിഴ്നാട്ടിലെ തെങ്കാശി ജില്ലയിലെ കടയം രാമനദി ഗ്രാമത്തിലാണ് ബാലമുരുകന്റെ ജനനം. വർഷങ്ങളോളം തമിഴ്നാട്ടിൽ ഗുണ്ടാ സംഘത്തലവനായി പ്രവർത്തിച്ചു. ഇയാൾക്കായി തമിഴ്നാട്ടിൽ പൊലീസ് അന്വേഷണം ശക്തമാക്കിയതോടെയാണ് കേരളത്തിലേക്കു കടന്നത്. മറയൂരിലെത്തി ഒരു കരിമ്പിൻതോട്ടത്തിൽ ഉടമയുടെ വിശ്വസ്തനായി കൂടി. ഭാര്യയെയും മകളെയും കൊണ്ടു വന്ന് മറയൂരിലെ മുരുകൻ മലയിൽ താമസമാക്കി. സ്ഥലം മനസ്സിലാക്കിയശേഷം മോഷണ പരമ്പര ആരംഭിച്ചു. മറയൂരിലെ ഒരു വീട്ടിലെ നായകളെ മോഷ്ടിച്ച് വാഹനത്തിൽപോകുമ്പോൾ നായകൾ കുരച്ചത് പൊലീസിന്റെ ശ്രദ്ധയിൽപെട്ടതോടെയാണ് പിടിയിലായത്.
മറയൂരിൽ ഒരു വർഷത്തിനിടെ 20 വീടുകളിൽ മോഷണം നടത്തി. മറയൂരിൽനിന്ന് ഇടയ്ക്കിടയ്ക്ക് നാട്ടിലേക്ക് പോകുന്ന ബാലമുരുകൻ തിരിച്ചെത്തുന്നത് കാറിലാണ്. സെക്കൻഡ് ഹാൻഡ് കാർ വാങ്ങി റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനു മുൻപ് വിൽക്കുന്നതായിരുന്നു പതിവ്. മറയൂർ കോട്ടക്കുളത്ത് സതീശന്റെ വീട്ടിൽ മോഷണത്തിനെത്തിയതും ഇത്തരത്തിലുള്ള ഒരു ആൾട്ടോ കാറിലാണ്. മറയൂരിലെ മോഷണക്കേസിൽ പിടിയിലായ ബാലമുരുകനുമായി പൊലീസ് ഇയാളുടെ സ്വദേശമായ തെങ്കാശിയിൽ എത്തി അന്വേഷണവും തെളിവെടുപ്പും കഴിഞ്ഞ് തിരിച്ച് ദിണ്ടിഗൽ–കൊടൈറോഡ് ടോൾഗേറ്റിൽ എത്തിയപ്പോൾ രാത്രി ഒരു മണിയോടെ ഇയാൾ ശുചിമുറിയിൽ പോകണമെന്ന് ആവശ്യപ്പെട്ടു. ശുചിമുറിയിൽനിന്നു പുറത്തിറങ്ങിയപ്പോൾ വീണ്ടും വിലങ്ങണിയിക്കാൻ ശ്രമിച്ച എസ്ഐയുടെ തലയ്ക്കടിച്ച് തള്ളി വീഴ്ത്തി ഓടി. സമീപ പ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും ബാലമുരുകനെ കിട്ടിയില്ല.ചെന്നൈയിൽ എത്തി തല മുണ്ഡനം ചെയ്ത് താടിയും മീശയും വടിച്ച് രൂപം മാറിയാണ് ബാലമുരുകൻ പിന്നീട് യാത്ര ചെയ്തത്. ഒടുവിൽ തമിഴ്നാട് പൊലീസിന്റെ പ്രത്യേക സ്ക്വാഡിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. പിന്നീട് വിയ്യൂരിലേക്ക് മാറ്റി. തമിഴ്നാട്ടിൽ 53 കേസുകളിൽ പ്രതിയാണ് ഇയാളെന്നു പൊലീസ് പറയുന്നു. തനിക്കെതിരെ സാക്ഷി പറഞ്ഞ സ്ത്രീയെ ക്രൂരമായി വകവരുത്തിയ കേസുമുണ്ട്.














