കോട്ടയം ∙ മലപ്പുറത്തുനിന്നും ഗവിയിലേക്ക് വന്ന കെഎസ്ആർടിസി ബസ് യാത്രയ്ക്കിടെ കത്തി നശിച്ചു. ബുധനാഴ്ച പുലർച്ചെ 3.45ഓടെയാണ് കോട്ടയം മണിമല പഴയിടത്തിനു സമീപത്തായി ബസ് കത്തിനശിച്ചത്.
കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായിട്ടാണ് മലപ്പുറം ഡിപ്പോയിൽനിന്നും ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് ബസ് ഗവിയിലേക്ക് പുറപ്പെട്ടത്. 28 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. യാത്രക്കാർക്ക് ആർക്കും പരുക്കേറ്റിട്ടില്ല.
കോട്ടയം മണിമല ജംക്‌ഷൻ കഴിഞ്ഞു 3 കി.മീ പിന്നിട്ട് പഴയിടം എത്തുന്നതിനു തൊട്ടുമുൻപാണ് ബസിൽനിന്നും പുക ഉയർന്നത്. തുടർന്നു ബസ് ജീവനക്കാർ യാത്രക്കാരെ ഉടൻ പുറത്തിറക്കി. തീ പടരുന്നത് കണ്ട മറ്റൊരു വാഹനത്തിലെ ഡ്രൈവർ സംഭവം അറിയിച്ചതു കൊണ്ടാണ് വലിയ ദുരന്തം ഒഴിവായത്.
കാഞ്ഞിരപ്പള്ളിയിൽനിന്നും അഗ്നിരക്ഷാ സേന എത്തി തീ അണച്ചെങ്കിലും ബസ് പൂർണമായും കത്തിനശിച്ചു. സൂപ്പർ ഡീലക്സ് ബസാണ് സർവീസിനു ഉപയോഗിച്ചിരുന്നത്. ഷോർട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പൊൻകുന്നം ഡിപ്പോയിൽ നിന്ന് പകരം ബസ്സ് എത്തി യാത്രക്കാരെ റാന്നിയിലെത്തിച്ചു.














