കൽപ്പറ്റ :മൈസൂരിൽ നിന്നും കൊച്ചിയിലെ ബിവറേജസ് ഔട്ട്‌ലെറ്റിലേക്ക് ബിയറുമായി പോയ ലോറി അപകടത്തിൽ പ്പെട്ട് ഡ്രൈവർക്ക് ദാരുണാന്ത്യം. പുൽപ്പള്ളി വേലിയമ്പം സ്വദേശി അഖിൽ കൃഷ്ണൻ (30) ആണ് മരിച്ചത്. പുൽപ്പള്ളി വേലിയമ്പം കോട്ടമുരട്ട് ബാലകൃഷ്ണന്റെ മകനാണ് അഖിൽ. തിങ്കളാഴ്ച പുലർച്ചെ കോഴിക്കോട് ഇരിങ്ങാടൻപള്ളി ജംഗ്ഷനിലായിരുന്നു അപകടം.
അഖിൽ ഓടിച്ചിരുന്ന ലോറി കാറുമായി കൂട്ടിയിടിച്ച് മറിയുകയായിരുന്നു. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവാഹിതനായിട്ട് വെറും നാല് മാസം മാത്രം പിന്നിടുമ്പോഴാണ് അഖിലിനെ മരണം തട്ടിയെടുത്തത്.
നാട്ടിലെ ഉത്സവത്തിന് പങ്കെടുത്ത ശേഷം പുലർച്ചെ കൽപ്പറ്റയിൽ നിന്നാണ് അഖിൽ എറണാകുളത്തേക്ക് യാത്ര തിരിച്ചത്. അപകടത്തെത്തുടർന്ന് റോഡിൽ ബിയർ കുപ്പികൾ പൊട്ടിചിതറി. പൊട്ടാത്ത കുപ്പികൾ പോലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം എറണാകുളത്തെ ബിവറേജസ് ഗോഡൗണിലേക്ക് അയക്കുമെന്ന് അധികൃതർ അറിയിച്ചു.














