യാക്കോബായ സുറിയാനി സഭയുടെ അഞ്ചു കുന്ന് കുണ്ടാല ദേവാലയത്തിൻ്റെ മൂറോൻ അഭിഷേക കൂദാശയും പരിശുദ്ധനായ മോർ ഗ്രീഗോറിയോസ് അബ്ദുൾ ജലീൽ ബാവയുടെ തിരുശേഷിപ്പ് സ്ഥാപനവും ജനുവരി 11ന് നടക്കും. വൈകിട്ട് 4:30 ന് നടക്കുന്ന ചടങ്ങിൽ മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിക്കും. കോർഎപ്പിസ്കോപ്പമാരും വൈദിക ശ്രേഷ്ഠരും സഹകാർമികത്വം വഹിക്കും. അബ്ദുൽ ജലീൽ ബാവയുടെ പേരിൽ നാമകരണം ചെയ്ത മലബാറിലെ ഏക ദേവാലയമാണിത്.
വയനാട് ജില്ലയിൽ ആദ്യമായാണ് ബാവയുടെ തിരുശേഷിപ്പ് സ്ഥാപിക്കുന്നത്.മലങ്കര യാക്കോബായ സുറിയാനി സഭയുടെ ചരിത്രത്തിൽ അതീവ പ്രാധാന്യമുള്ള ആത്മീയ പിതാവ് വടക്കൻ പറവൂർ ദേവാലയത്തിലാണ് കബറടങ്ങിയിരിക്കുന്നത്.മലങ്കര സഭയുടെ അപ്പസ്തോലിക പാരമ്പര്യം നിയമപരമായി ഉറപ്പിക്കുകയും, അന്തിയോഖ്യ പാത്രിയർക്കിസുമായുള്ള ആത്മീയബന്ധം ശക്തിപ്പെടുത്തുകയും ചെയ്ത പരിശുദ്ധനാണ് മോർ അബ്ദുൾ ജലീൽ ബാവ.
17-ാം നൂറ്റാണ്ടിൽ, പോർച്ചുഗീസ് അധിനിവേശവും സഭാ പ്രതിസന്ധികളും നിലനിന്ന കാലഘട്ടത്തിൽ, 1665-ൽ മലങ്കരയിലെത്തിയ മോർ അബ്ദുൽ ജലീൽ ബാവയാണ് മലങ്കര സഭയെ കാനോനികമായി ക്രമപ്പെടുത്തി ആത്മീയമായി ശക്തിപ്പെടുത്തിയത്. അദ്ദേഹത്തിന്റെ തിരുശേഷിപ്പിന്റെ സ്ഥാപനം വയനാട്ടിലെ സഭാ ചരിത്രത്തിൽ ഒരു പുതിയ അധ്യായമായി രേഖപ്പെടുത്തപ്പെടുമെന്നും ഒരുക്കങ്ങൾ പൂർത്തിയായതായയും വികാരി ഫാ. ജോസഫ് പള്ളിപ്പാട്ട്, ട്രസ്റ്റിജോർജ് അമ്മിണിശ്ശേരി ,സെക്രട്ടറിജിതിൻ തോമ്പിക്കോട്ട്,
കൺവീനർജോബേഴ്‌സ് അമ്മിണിശ്ശേരി, സഭാ മാനേജിങ് കമ്മിറ്റി അംഗം കെ.എം. ഷിനോജ്, ബേബി മേച്ചേരിപുത്തൻപുരയിൽ, കുര്യാക്കോസ് കട്ടേക്കുഴി, ബേബി പന്തനാൽ, സുജി പുത്തേത്ത് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.














