ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിലെത്തിച്ച തന്ത്രി കണ്ഠരര് രാജീവരരെ കൂടുതൽ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. പൂജപ്പുര സ്പെഷ്യൽ സബ് ജയിലിൽ വച്ച് ഇന്നുരാവിലെയാണ് തന്ത്രിയുടെ ആരോഗ്യനില മോശമായത്.പരിശോധനയിൽ തന്ത്രിയുടെ രക്തസമ്മർദ്ദം ഉയർന്ന നിലയിലാണെന്ന് കണ്ടെത്തിയതായി ഡോക്ടർമാർ അറിയിച്ചു. ഹൃദയസംബന്ധമായ പ്രശ്നങ്ങളുണ്ട്.
കാലിന് നീരുണ്ട്. ഇസിജിയിൽ കൂടുതൽ പരിശോധന വേണ്ടിവരുമെന്നും ഡോക്ടർമാർ അറിയിച്ചു. ഈ സാഹചര്യത്തിൽ തന്ത്രിയെ കൂടുതൽ പരിശോധനകൾക്കായി മെഡിക്കൽ കോളേജിലേയ്ക്ക് റഫർ ചെയ്യുകയായിരുന്നുവെന്ന് ജനറൽ ആശുപത്രിയിലെ ഡോക്‌ടർ അറിയിച്ചു.ഇന്ന് രാവിലെ ജയിലിൽ ഭക്ഷണം നൽകാനെത്തിയ ഉദ്യോഗസ്ഥരോട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നതായി കണ്ഠരര് രാജീവരര് അറിയിച്ചത്. അദ്ദേഹത്തിന് മതിയായ ചികിത്സ നൽകണമെന്ന് ജയിൽ സൂപ്രണ്ടിനോട് കോടതി നിർദേശിച്ചിരുന്നു. രക്തസമ്മർദം, പ്രമേഹം എന്നിവയ്ക്ക് മരുന്ന് കഴിക്കുന്നുണ്ടെന്ന് ജനറൽ ആശുപത്രിയിലെ വൈദ്യ പരിശോധനയിൽ ഇന്നലെ തന്ത്രി ഡോക്ടർമാരോട് പറഞ്ഞിരുന്നു. തന്ത്രിക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ലെന്ന വൈദ്യപരിശോധനാ റിപ്പോർട്ട് ആണ് എസ്.ഐ.ടി കോടതിയിൽ ഹാജരാക്കിയിരിക്കുന്നത്.ശ്രീകോവിലിലെ കട്ടിളപ്പാളിയും പ്രഭാമണ്ഡലവും കൊള്ലയടിച്ച കേസിലാണ് തന്ത്രി അറസ്റ്റിലായത്. കേസിൽ 13-ാം പ്രതിയാണ്.
ശബരിമല താന്ത്രികാവകാശം പരമ്പരാഗതമായി ലഭിച്ചിട്ടുള്ല ചെങ്ങന്നൂർ താഴമൺ കുടുംബത്തിലെ രാജീവരര് 1998-99ൽ വിജയ് മല്യ സ്വർണം പൊതിഞ്ഞപ്പോഴും 2019ൽ സ്വർണപ്പാളികൾ കൊള്ലയടിച്ചപ്പോഴും തന്ത്രിയായിരുന്നു.














