തുറവൂർ ∙ മൊബൈൽ ആപ് വഴി ഓഹരി വിപണിയിൽ പണം നിക്ഷേപിച്ചാൽ പത്തിരട്ടി ലാഭം നൽകാമെന്നു വാഗ്ദാനം ചെയ്ത് യുവാവിന്റെ 97 ലക്ഷം രൂപ തട്ടിയെടുത്തു. ചേർത്തല സ്വദേശിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിൽ നിന്നാണു പണം നഷ്ടമായത്.
വാട്സാപ് വഴി ലഭിച്ച ലിങ്കിൽ കയറി ഫോൺ നമ്പർ നൽകിയതോടെ തട്ടിപ്പ് സംഘത്തിന്റെ മുന്നൂറോളം അംഗങ്ങളുള്ള ഗ്രൂപ്പിലേക്ക് യുവാവിനെ ചേർത്തു. തുടർന്ന് ‘ട്രേഡിങ് പരിശീലനം’ എന്ന പേരിൽ നടത്തിയ ക്ലാസിനിടെ ആപ് ഡൗൺലോഡ് ചെയ്തു ഇതുവഴി പണം നിക്ഷേപിക്കാൻ സംഘം ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം 20 മുതൽ ഈ മാസം 10 വരെ 3 ബാങ്ക് അക്കൗണ്ടുകളിൽനിന്നായി 35.5 ലക്ഷം, 41.5 ലക്ഷം, 20 ലക്ഷം എന്നിങ്ങനെ 3 തവണയായാണു പണം നൽകിയത്.
ആദ്യം നിക്ഷേപിച്ച തുക ലാഭം ഉൾപ്പെടെ പിൻവലിക്കണമെന്നു യുവാവ് ആവശ്യപ്പെട്ടെങ്കിലും പിൻവലിക്കണമെങ്കിൽ കൂടുതൽ പണം നിക്ഷേപിക്കാൻ പറയുകയായിരുന്നു. ഇങ്ങനെയാണു പിന്നീട് 2 തവണകൂടി പണം നൽകിയത്. യുവാവിന്റെ വിശ്വാസം നേടിയെടുക്കാനായി ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾക്കു ലാഭം ഉൾപ്പെടെ പണം നൽകിയതിന്റെ സ്ക്രീൻ ഷോട്ടുകൾ നൽകി. ഗ്രൂപ്പിൽ ഉത്തരേന്ത്യൻ അംഗങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. പണം ലഭിക്കാതായതോടെ യുവാവ് ഗ്രൂപ്പിലെ മറ്റ് അംഗങ്ങളുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ആരും ഫോൺ എടുത്തില്ല. തട്ടിപ്പുകാരുടെ ആളുകൾ ചേർന്നു വ്യാജമായി ഗ്രൂപ്പ് ഉണ്ടാക്കിയതാണെന്നു സംശയമുയർന്നതോടെ യുവാവ് പട്ടണക്കാട് പൊലീസിൽ പരാതി നൽകുകയായിരുന്നു. കൊച്ചി കേന്ദ്രീകരിച്ചുള്ള ബാങ്ക് അക്കൗണ്ടിലേക്കു പണം പോയതായി സംശയമുള്ളതിനാൽ തട്ടിപ്പിൽ മലയാളികൾക്കും പങ്കുള്ളതായി പൊലീസ് സംശയിക്കുന്നു.














