കൊച്ചി ∙ ഭക്ഷണം കഴിക്കാൻ ഭർത്താവിനൊപ്പം എത്തിയ തിരുവനന്തപുരം സ്വദേശിയായ യുവതിയോട് മോശമായി പെരുമാറിയ സംഭവത്തിൽ രണ്ടുപേർ പിടിയിൽ. കൊച്ചി മുളവുകാട് സ്വദേശി ജിപ്സൻ റേഡ്രിഗോസ് (40), നായരമ്പലം സ്വദേശി യാസർ അറാഫാത്ത് (40) എന്നിവരാണ് എറണാകുളം സെൻട്രൽ പോലീസിന്റെ പിടിയിലായത്.
ചിറ്റൂർ റോഡിൽ പ്രവർത്തിക്കുന്ന ദോശക്കടയിൽ വച്ച് 17ന് രാത്രി എട്ടുമണിയോടെ ആയിരുന്നു കേസിനാസ്പദമായ സംഭവം. ഭർത്താവുമായി വന്നു ഭക്ഷണം കഴിച്ച ശേഷം പണം കൊടുക്കുന്നതിനിടെ പുറത്തിറങ്ങുന്ന വഴിയിൽ നിന്നപ്പോൾ പ്രതികൾ വന്ന് മോശമായി പെരുമാറുകയായിരുന്നു.സെൻട്രൽ സബ് ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണർ രാജ് കുമാറിന്റെ നിർദ്ദേശ പ്രകാരം സെൻട്രൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനീഷ് ജോയിയുടെ മേൽനോട്ടത്തിൽ സബ് ഇൻസ്പക്ടർമാരായ സി. അനൂപ്, എ.ജി. മനോജ്‌കുമാർ, സർജു, ഡി. ശ്യാംകുമാർ, പോലീസ് ഉദ്യോഗസ്ഥരായ ഉണ്ണികൃഷ്ണൻ, ഹരീഷ് ബാബു, പ്രശാന്ത്, വിനുക്കുട്ടൻ എന്നിവർ ചേർന്ന് സിസിടിവികൾ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ യുവാക്കളെ റിമാൻഡ് ചെയ്തു.













