കൊച്ചി ∙ ‘കഞ്ചാവ്, മരുന്ന്, പെണ്ണ് എന്നിവയ്ക്കായി ഇങ്ങോട്ടു വന്നാൽ… തല്ലും, തല്ലും, തല്ലും’, പെരുമ്പാവൂർ വെങ്ങോലയ്ക്കടുത്ത് കണ്ടത്തറയിലുള്ള ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ പാർക്കുന്ന ‘ഭായി കോളനി’ എന്നും ‘ബംഗാൾ കോളനി’ എന്നും അറിയപ്പെടുന്ന സ്ഥലത്ത് നാട്ടുകാർ സ്ഥാപിച്ച ബോർഡ് ആണിത്. കഞ്ചാവ്, ഹെറോയിൻ, രാസലഹരി തുടങ്ങി എന്തും സുലഭമായി ലഭിക്കുന്ന, പകൽ പൊതുനിരത്തിൽ പോലും ആളുകള്‍ ലഹരി കുത്തിവയ്ക്കുകയും മറ്റും ചെയ്യുന്ന സ്ഥലത്ത് നിവൃത്തികേടുകൊണ്ട് സ്ഥാപിച്ചതാണ് ബോർഡ് എന്ന് നാട്ടുകാർ പറയുന്നു.
ബോർഡ് സ്ഥാപിക്കുകയും നാട്ടുകാർ ‘ലഹരി വിരുദ്ധ സമിതി’ എന്ന കൂട്ടായ്മ തുടങ്ങുകയും ചെയ്തതോടെ ഇവിടെ കൂടുതൽ ശ്രദ്ധിക്കേണ്ട സാഹചര്യത്തിലായി പൊലീസും എക്സൈസും.കേരളത്തിൽ തന്നെ ഏറ്റവുമധികം ഇതര സംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാർക്കുന്ന സ്ഥലമാണ് കണ്ടത്തറയിലുള്ള ഭായ് കോളനി. യാതൊരു നിയന്ത്രണവുമില്ലാത്ത വിധത്തിലാണ് ഇവിടെ ലഹരി വ്യാപാരവും വേശ്യാവൃത്തിയും നടക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. ഇതര സംസ്ഥാനക്കാർക്ക് വേണ്ടിയാണ് ലഹരി ഇടപാടുകളും മറ്റും തുടങ്ങിയത് എങ്കിൽ കേരളത്തിന്റെ പല ജില്ലകളിൽനിന്നു ലഹരി അന്വേഷിച്ച് ഇതര ജില്ലക്കാരും ഇവിടേക്ക് വന്നു തുടങ്ങി. എല്ലാവിധ ക്രിമിനൽ പ്രവർത്തനങ്ങളുടെയും കേന്ദ്രമാണ് ഇപ്പോൾ ഇവിടമെന്ന് നാട്ടുകാർ പറയുന്നു. പൊലീസും എക്സൈസും ഇടക്കിടെ പരിശോധന നടത്തുകയും ലഹരി പിടിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഇവിടേക്ക് എത്തുന്ന ലഹരിയുടെ തോതു പോലും വളരെ കൂടുതലാണെന്ന് പൊലീസ് ഉദ്യോഗസ്ഥരടക്കം സമ്മതിക്കുന്നു.
അടുത്തിടെ, കാലടി പൊലീസ് സ്റ്റേഷനിലെ സിപിഒ കെ.എ.സുബീറിനെ എറണാകുളം റൂറൽ എസ്പി ആയിരുന്ന എം.ഹേമലത സസ്പെൻഡ് ചെയ്തിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ഭായി കോളനിയിലുള്ള സുബീറിന്റെ അടുത്ത ബന്ധുവിന്റെ പേരിലുള്ള കെട്ടിടത്തിൽനിന്ന് പെരുമ്പാവൂർ പൊലീസ് ഒമ്പതര കിലോ കഞ്ചാവ് പിടികൂടിയിരുന്നു. ഈ സംഭവത്തിൽ സുബീറിന് ജാഗ്രതക്കുറവുണ്ടായി എന്നു കണ്ടായിരുന്നു സസ്പെൻഷൻ. സെപ്റ്റംബറിൽ ഇതേ കോളനിയിലെ മറ്റൊരു വീട്ടിൽനിന്ന് എക്സൈസ് 10 ലക്ഷം രൂപ വില വരുന്ന 66 ഗ്രാം ഹെറോയിനും നോട്ട് എണ്ണുന്ന മെഷീനും 9.33 ലക്ഷം രൂപയും പിടികൂടിയിരുന്നു. ഈ സംഭവത്തിലും സുബീറിന്റെ പേരിൽ ആരോപണമുയർന്നിരുന്നു. സലീന അലിയാർ എന്നൊരു സ്ത്രീയാണ് അന്ന് അറസ്റ്റിലായത്.
പകൽ പോലും ഇറങ്ങിനടക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ നാട്ടുകാർ തന്നെ സംഘടിച്ചാണ് തുടക്കത്തിൽ ലഹരി വിരുദ്ധ സമിതിക്ക് രൂപം നൽകിയത്. ലഹരി വാങ്ങാനും സ്ത്രീകളെ അന്വേഷിച്ചും മറ്റുമെത്തുന്നവരെ കായികമായി തന്നെ നാട്ടുകാർ നേരിട്ടു തുടങ്ങി. ഇതിന്റെ അടുത്ത പടിയായാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികൾ ഇവിടെ താമസിക്കുന്നതിന് തങ്ങൾ എതിരല്ലെന്ന് വെങ്ങോല പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എച്ച്.മുഹമ്മദ് പറയുന്നു. എന്നാൽ ഈ ലഹരി ഇടപാട് അനുവദിക്കാൻ പറ്റില്ല. നാട്ടുകാർ അത്രത്തോളം പ്രശ്നം നേരിടുന്നുണ്ട്. അതുകൊണ്ടാണ് അവർ ബോർഡ് സ്ഥാപിച്ചതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. നാർക്കോട്ടിക് കണ്‍ട്രോൾ ക്ലബ് എന്ന ദേശീയ സംഘടന ഇക്കാര്യം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. മലയാളം എങ്ങനെയാണ് ഇതര സംസ്ഥാന തൊഴിലാളികൾ വായിക്കുക എന്നാണ് ഈ പോസ്റ്റിനടിയിൽ പലരും ചോദിച്ചിരിക്കുന്നത്. ഹിന്ദിയിലും ബംഗാളിയിലും കൂടി ഇവിടെ ബോർഡ് സ്ഥാപിക്കുമെന്നാണ് ക്ലബ് അധികർ ഇതിന് മറുപടി നൽകിയിരിക്കുന്നത്.













