ബത്തേരി: പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് കേള്‍ക്കാനും പരിഹാരം കാണാനും ലക്ഷ്യമിട്ട് സുല്‍ത്താന്‍ ബത്തേരി നഗരസഭയിൽ പരിഹാരം അദാലത്ത് സംഘടിപ്പിച്ചു. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് ലഭിച്ച 104 അപേക്ഷകളില്‍ 24 എണ്ണം അദാലത്തില്‍ തന്നെ തീര്‍പ്പാക്കാന്‍ സാധിച്ചു. ബാക്കിയുള്ളവക്ക് ആവശ്യമായ തുടര്‍നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മുന്‍കൂട്ടി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത 16 അപേക്ഷകള്‍ക്ക് പുറമേ, 88 അപേക്ഷകള്‍ കൂടി അദാലത്തില്‍ നേരിട്ട് ലഭിച്ചു. ആകെ ലഭിച്ച 104 അപേക്ഷകളില്‍ 24 എണ്ണം അദാലത്തില്‍ അപേക്ഷകര്‍ക്ക് അനുകൂലമായി തീര്‍പ്പാക്കി. തുടര്‍നടപടികള്‍ ആവശ്യമുള്ള അപേക്ഷകള്‍ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തശേഷം നടപടി സ്വീകരിക്കുന്നതിനായി കൈമാറി. വിവിധ വകുപ്പുകളിലെ ജില്ലാതല-താലൂക്ക് തല ഉദ്യോഗസ്ഥരും, പഞ്ചായത്ത്, റവന്യൂ ഉദ്യോഗസ്ഥരും അദാലത്തിന്റെ ഭാഗമായി. വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ ഉന്നയിക്കുന്ന അപേക്ഷകള്‍ക്ക് എത്രയും വേഗം പരിഹാരം കാണുകയാണ് അദാലത്തിന്റെ ലക്ഷ്യം. ഭൂമി- ഭവന പദ്ധതികളുമായി ബന്ധപ്പെട്ട അപേക്ഷകള്‍, വീടുകള്‍ക്കും പൊതുനിരത്തുകള്‍ക്കും ഭീഷണിയായ മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനുള്ള അപേക്ഷകള്‍, സ്‌കൂള്‍ അടിസ്ഥാന സൗകര്യ വികസനം, മരണ സര്‍ട്ടിഫിക്കറ്റ്, ബാങ്ക് ലോണ്‍, കുടിവെള്ള പ്രശ്‌നം, വന്യമൃഗ ശല്യം, തെരുവ് മൃഗങ്ങള്‍ക്കുള്ള ഷെല്‍ട്ടര്‍, അനധികൃത മണ്ണെടുപ്പ്, പൊതുവഴിക്കും തോടുകള്‍ക്കും സംരക്ഷണ ഭിത്തി നിര്‍മാണം, റേഷന്‍ കാര്‍ഡ് മുന്‍ഗണനാ പട്ടികയിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷ, പട്ടയം അനുവദിക്കാനുള്ള അപേക്ഷ, ഭൂനികുതി, തൊഴിലാളി പെന്‍ഷന്‍, മാന്‍ മിസ്സിങ് പരാതി, ഫെന്‍സിങ് നിര്‍മാണം, കുടുംബരോഗ്യ കേന്ദ്രം ക്രമീകരണം തുടങ്ങി നിരവധി അപേക്ഷകളാണ് അദാലത്തിന്റെ പരിഗണനയ്ക്ക് വന്നത്. അദാലത്തിനോട് അനുബന്ധമായി അക്ഷയ സേവനങ്ങളും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു.എ.ഡി.എം എം. ജെ അഗസ്റ്റിൻ, ഡെപ്യൂട്ടി കളക്ടര്‍മാരായ കെ. മനോജ് കുമാര്‍, എം.കെ ഇന്ദു, കെ. എസ് നസിയ, ജില്ലാ പ്ലാനിങ് ഓഫീസര്‍ എം. പ്രസാദന്‍, എല്‍.എസ്. ജി. ഡി ജെ.ഡി ബൈജു ജോസ്, ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ ജി.പ്രമോദ്, സുല്‍ത്താന്‍ബത്തേരി തഹസില്‍ദാര്‍ എം. എസ് ശിവദാസന്‍, സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെര്‍പേഴ്‌സണ്‍ റസീന അബ്ദുള്‍ ഖാദര്‍, നഗരസഭ കൗണ്‍സിലര്‍മാര്‍, നഗരസഭ സെക്രട്ടറി കെ. എം. സൈനുദ്ദീന്‍, അസിസ്റ്റന്റ് സെക്രട്ടറി ടി. ടി. റെജി, നഗരസഭ കൗണ്‍സിലര്‍മാര്‍, മറ്റ് പ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു.













