കോഴിക്കോട്∙ സ്വകാര്യ ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സമൂഹമാധ്യമത്തിൽ വിഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ ഷിംജിത മുസ്തഫ പിടിയിൽ. വടകരയിലെ ബന്ധു വീട്ടിൽ നിന്നാണ് ഷിംജിതയെ പിടികൂടിയത്. കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് ആണ് ഷിംജിതയെ അറസ്റ്റ് ചെയ്തത്.
ഷിംജിതയ്ക്കെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഷിംജിതയാണ് ബസിൽ വിഡിയോ ചിത്രീകരിച്ചതും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതും. ദീപക്കിന്റെ മരണത്തിനു പിന്നാലെ ഷിംജിതയ്ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. ദീപക്കിന്റെ മാതാപിതാക്കളുടെ പരാതിയിലാണ് കേസ് റജിസ്റ്റർ ചെയ്തത്.
ഷിംജിത സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോ എഡിറ്റ് ചെയ്തു നീളം കുറച്ചതാണെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിഡിയോയുടെ പൂർണരൂപം വീണ്ടെടുക്കാൻ സൈബർ സെല്ലിന്റെ സഹായം തേടും. ബസിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. ബസിലെ തിരക്കിന്റെ ദൃശ്യങ്ങളാണു ദൃശ്യങ്ങളിലുള്ളത്. പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ വഴി സർവീസ് നടത്തുന്ന അൽ അമീൻ എന്ന സ്വകാര്യ ബസിലാണു യുവതി വിഡിയോ ചിത്രീകരിച്ചത്.













