കൊച്ചി ∙ വൈപ്പിനിലെ ഹോട്ടലിൽ പൊറോട്ടയ്ക്കൊപ്പം സൗജന്യ ഗ്രേവി നൽകുന്നതിനെ ചൊല്ലിയുണ്ടായ തർക്കം അവസാനിച്ചത് സംഘർഷത്തിൽ. പരുക്കേറ്റ ഹോട്ടൽ ഉടമയുടേയും ഭാര്യയുടേയും പരാതിയിൽ പൊലീസ് കേസെടുത്തു. എടവനക്കാട് അണിയൽ മാര്‍ക്കറ്റിൽ ഹോട്ടൽ നടത്തുന്ന സുബൈർ, ഭാര്യ ജുമൈലത്ത് എന്നിവരാണ് മര്‍ദനമേറ്റതായി പരാതി നൽകിയിരിക്കുന്നത്. ഹോട്ടലിൽ നടക്കുന്ന തർക്കത്തിന്റെയും തുടർന്നുള്ള സംഘർഷത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ പുറത്തു വന്നു.
ഞായറാഴ്ച വൈകിട്ട് ഏഴു മണിയോടയാണ് സംഭവം. ഹോട്ടലിൽ നിന്നു പൊറോട്ട വാങ്ങിയ സമീപവാസിയായ ജിബി എന്ന യുവാവ് ഇതിനൊപ്പം ഗ്രേവിയും ആവശ്യപ്പെട്ടു. എന്നാൽ ഗ്രേവിക്ക് 20 രൂപ നൽകണമെന്ന് ജുമൈലത്ത് പറഞ്ഞതോടെ തർക്കം ആരംഭിക്കുകയായിരുന്നു. ഇതിനു പിന്നാലെ സുബൈറും പ്രതികരിച്ചതോടെ തർക്കം രൂക്ഷമായി. ഇതിനിടെ, തനിക്കു കഴിഞ്ഞ ദിവസം തന്ന പൊറോട്ട പഴകിയതാണെന്നു യുവാവ് പറഞ്ഞതോടെ ഹോട്ടലുടമകള്‍ അതിെന എതിർത്തു. 5 മിനിറ്റോളം നീണ്ട തർക്കം ഒടുവിൽ സംഘർഷത്തിനു വഴിമാറി.
തന്നെ തല്ലാൻ ശ്രമിച്ചപ്പോൾ ഭർത്താവ് തടഞ്ഞെന്നും പിടിച്ചു മാറ്റാൻ ശ്രമിച്ചപ്പോൾ തന്റെ കയ്യില്‍ ഇടികൊണ്ടെന്നുമാണ് പരാതിക്കാരി പൊലീസിനു നൽകിയ മൊഴി. ഭർത്താവിനെ കടയിൽ നിന്നു പുറത്തേക്കു വലിച്ചിട്ട് കൈയിൽ സൂക്ഷിച്ചിരുന്ന വസ്തു കൊണ്ട് പുരികത്തിൽ കുത്തിയെന്നും ശരീരത്തിന്റെ പല ഭാഗത്തും മർദിച്ചെന്നും പരാതിയിൽ പറയുന്നു. തുടർന്ന് ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി.













