കൊച്ചി ∙ തമിഴ്നാട്ടിലെ കാരയ്ക്കലിൽ നിന്നെത്തിയ ട്രെയിനിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് സ്വദേശിയായ ഇസൈവാണി കുഞ്ഞിപ്പിള്ള എന്ന സ്ത്രീയാണ് മരിച്ചത്. ഇവർക്ക് 40 വയസ്സ് പ്രായം തോന്നിക്കും. ട്രെയിൻ സൗത്ത് റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് റെയില്‍വേ പൊലീസിന്റെ വൈദ്യസംഘം പരിശോധിച്ച ശേഷം ഉടൻ തന്നെ ജനറൽ ആശുപത്രിയിലേക്കു മാറ്റി. ഇവിടെ വച്ചാണ് മരണം സ്ഥിരീകരിച്ചത്.
രാവിലെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിയ 16187 കാരയ്ക്കൽ–എറണാകുളം എക്സ്പ്രസിലെ എസ്4 കോച്ചിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കാരയ്ക്കൽനിന്ന് വൈകിട്ട് 4.30നു എടുത്ത് പിറ്റേന്ന് രാവിലെ 6.45നു എറണാകുളം സൗത്തിൽ എത്തുന്ന ട്രെയിൻ ആണിത്. തുടർന്ന് രാവിലെ 7.45ന് ഈ ട്രെയിനാണ് എറണാകുളം–കോട്ടയം പാസഞ്ചറായി സർവീസ് നടത്തുന്നത്.
കോട്ടയം ഭാഗത്തേക്കു യാത്രചെയ്യാൻ എത്തിയവരാണ് ഇസൈവാണിയെ മരിച്ച നിലയിൽ ട്രെയിനിനുള്ളിൽ കണ്ടത്. ഉറങ്ങുകയാണെന്നു കരുതിയെങ്കിലും പിന്നീട് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മരണം സംഭവിച്ച വിവരം തിരിച്ചറിഞ്ഞത്. പിന്നീട് പൊലീസ് ഉദ്യോഗസ്ഥരെത്തി യുവതിയുടെ മൃതദേഹം മാറ്റുകയായിരുന്നു. ഇസൈവാണി ഒറ്റയ്ക്കാണ് സഞ്ചരിച്ചത് എന്നാണു കരുതുന്നത്. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ എന്നും മറ്റു കാര്യങ്ങൾ അന്വേഷിച്ചു വരികയാണെന്നും റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. സംഭവത്തെത്തുടർന്ന് ഒരു മണിക്കൂറോളം വൈകിയാണ് ട്രെയിൻ യാത്ര പുറപ്പെട്ടത്. തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടു.













