പാലക്കാട് ∙ പ്ലസ് വൺ വിദ്യാർഥിനി സ്കൂൾ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പരാതിയുമായി കുടുംബം. കല്ലേക്കാട് വ്യാസ വിദ്യാപീഠത്തിൽ പഠിക്കുന്ന ഒറ്റപ്പാലം വരോട് പുതിയ കോവിലകം രാജേഷിന്റെ മകൾ രുദ്രയെ (16) ആണ് ഇന്നലെ രാത്രി ഒൻപതോടെ സ്കൂളിലെ പെൺകുട്ടികളുടെ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സ്കൂളിലെ സീനിയർ വിദ്യാർഥികളുടെ റാഗിങ് ഭയന്നാണ് രുദ്ര കഴിഞ്ഞതെന്നു അച്ഛൻ പറഞ്ഞു. മകളുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് രാജേഷ് മുഖ്യമന്ത്രിക്കു പരാതി നൽകി.
ഹോസ്റ്റൽ മെസിൽനിന്നു രാത്രി ഭക്ഷണം കഴിച്ചു മടങ്ങിയെത്തിയ മറ്റു വിദ്യാർഥികളാണു രുദ്രയെ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടത്. രുദ്രയുടേത് ആത്മഹത്യയാണെന്നു നോർത്ത് പൊലീസ് പറഞ്ഞു. ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിനായി തൃശൂര്‍ മെഡിക്കൽ കോളജിലേക്ക് മാറ്റി. അതേസമയം കുടുംബത്തിന്റെ റാഗിങ് ആരോപണം സ്കൂൾ അധികൃതർ നിഷേധിച്ചു.













