തിരുവമ്പാടി : മലയോര, കുടിയേറ്റ മേഖലയുടെ സമഗ്ര വികസനക്കുതിപ്പിന് നാന്ദികുറിക്കുന്ന ആനക്കാംപൊയിൽ- കള്ളാടി- മേപ്പാടി തുരങ്കപാതയ്ക്കായുള്ള പാറതുരക്കൽ പ്രവൃത്തികൾക്ക് ജനുവരി അവസാനത്തോടുകൂടി തുടക്കമാകും.
ഈ മാസം അവസാനത്തോടെ കോഴിക്കോട് ജില്ലയിലെ മറിപ്പുഴ ഭാഗത്തു നിന്നായിരിക്കും തുടക്കം. തുടർന്ന് എത്രയും പെട്ടെന്ന് തന്നെ വയനാട് ജില്ലയിലെ മേപ്പാടി ഭാഗത്തുനിന്ന് പാറതുരക്കൽ പ്രവൃത്തി ആരംഭിക്കും എന്നാണ് കരാർ കമ്പനിയായ ദിലീപ് ബിൽഡ് കോൺ അധികൃതർ പറയുന്നത്.
ഒരേ സമയത്തുതന്നെ ഇരുധ്രുവത്തിൽ നിന്ന് തുരന്നു പോകുന്നതാണ് നിർമാണരീതി. ഇതിനായുള്ള പാറ മാര്ക്കിംഗ് ഉൾപ്പെടെയുള്ള എല്ലാവിധ സംവിധാനങ്ങളും സജ്ജമായതായി പൊതുമരാമത്തുവകുപ്പ് എക്‌സിക്യൂട്ടീവ് എന്ജിനീയര് വി. കെ. ഹാഷിം അറിയിച്ചു. നിർമാണ പ്രദേശമായ മറിപ്പുഴ, കുണ്ടൻതോട് ഭാഗത്തേക്ക് കൂറ്റൻ യന്ത്രങ്ങൾ എത്തിച്ചു കഴിഞ്ഞു.ഇതിൽ പ്രധാനപ്പെട്ടത് പാറ തുളയ്ക്കുന്ന 2 കൂറ്റൻ ഡ്രില്ലിങ് റിഗ് ആണ്. തുരങ്ക കവാടത്തിലെ പാറപൊട്ടിച്ച് ലെവൽ ആക്കുന്ന ജോലിയാണ് ഇപ്പോൾ നടക്കുന്നത്.
വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന മിഷനറികളും, ക്രഷർ യൂണിറ്റ് എന്നിവ സ്ഥാപിക്കുന്നതിന് കുണ്ടൻതോടിൽ കരാർ കമ്പനി പാട്ടത്തിന് എടുത്ത 28 ഏക്കർ സ്ഥലത്താണ് ഇവ ക്രമീകരിച്ചിക്കുന്നത്. മലബാറിൻ്റെ വികസന പ്രതീക്ഷകൾക്ക് പുതിയ അധ്യായം കുറിക്കുന്ന തുരങ്കപാതയുടെ നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.
തുരങ്ക മുഖത്തേക്കുള്ള തടസ്സങ്ങളെല്ലാം നീങ്ങിയിട്ടുണ്ടെന്ന് ലിൻ്റൊ ജോസഫ് എംഎൽഎ പറഞ്ഞു. 12 മണിക്കൂർ ഷിഫ്റ്റിലാണ് പ്രവൃത്തികൾ നടക്കുന്നത്. പാറതുരക്കൽ ആരംഭിക്കുന്നതോടെ 24 മണിക്കൂറും പ്രവൃത്തി നടക്കും.തൊഴിലാളികൾക്ക് താമസിക്കാനുള്ള ഷെൽട്ടറുകൾ തുരങ്കപാതയ്ക്ക് അരികിലായി പൂർത്തിയായിട്ടുണ്ട്. താത്കാലിക പാലത്തിന്റെ നിർമാണവും ഏതാണ്ട് പൂർത്തിയായിക്കഴിഞ്ഞു. അത്യാധുനിക യന്ത്രങ്ങൾ ഉപയോഗിച്ച് ഭീമൻ പാറകൾ തുരക്കേണ്ടതുണ്ട്.













