കുഴൽമന്ദം ∙ മകന്റെ ഭാര്യയെ വെട്ടിപ്പരുക്കേൽപിച്ചയാൾ എലിവിഷം കഴിച്ചു ജീവനൊടുക്കി. മാത്തൂർ പല്ലഞ്ചാത്തനൂർ നടക്കാവ് ശോഭന നിവാസിൽ രാധാകൃഷ്ണൻ (75) ആണു മരിച്ചത്. ഇന്നലെ രാവിലെ എട്ടേകാലോടെയായിരുന്നു സംഭവം. കുടുംബവഴക്കിനെത്തുടർന്ന് മരുമകൾ അമിതയുമായി അസ്വാരസ്യത്തിലായിരുന്ന രാധാകൃഷ്ണൻ, സ്കൂൾ വാഹനത്തിൽ മക്കളെ കയറ്റിവിട്ട ശേഷം അടുക്കളയിലെത്തി ജോലി ചെയ്തുകൊണ്ടിരുന്ന അമിതയെ (40) പിറകിലൂടെ പോയി വടിവാൾ കൊണ്ടു വെട്ടുകയായിരുന്നു.
അമിത തടുത്തതിനെത്തുടർന്ന് ഇടതുകയ്യിലെ മൂന്നു വിരലുകൾക്കാണു വെട്ടുകൊണ്ടത്. നിലവിളി കേട്ട്, പുറത്തുണ്ടായിരുന്ന രാധാകൃഷ്ണന്റെ ഭാര്യ ശോഭനയും ഓടിക്കൂടിയ പ്രദേശവാസികളും ചേർന്ന് അമിതയെ കണ്ണാടിയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയി. ഇതിനിടെ രാധാകൃഷ്ണൻ തൊട്ടടുത്തുള്ള പഴയ വീട്ടിൽ കയറി വാതിലടച്ച് എലിവിഷം കഴിക്കുകയായിരുന്നു. നാട്ടുകാർ രാധാകൃഷ്ണനെ കാണാതെ തിരയുന്നതിനിടയിൽ പഴയ വീട്ടിനകത്തു നിന്നു ഞരക്കം കേട്ടു.
വാതിൽ പൊളിച്ച് അകത്തു കടന്നപ്പോഴേക്കു രാധാകൃഷ്ണൻ അവശനിലയിലായിരുന്നു. ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇവർക്ക് ഒരേ വളപ്പിൽ രണ്ടു വീടുകളുണ്ട്. തറവാട്ടു വീട്ടിലായിരുന്നു രാധാകൃഷ്ണൻ താമസം. രാധാകൃഷ്ണന്റെ ഭാര്യ ശോഭനയും മകൻ അശോകും ഭാര്യ അമിതയും മക്കളും പുതിയ വീട്ടിലാണ്. ഭക്ഷണം കഴിക്കാൻ മാത്രമാണു രാധാകൃഷ്ണൻ പുതിയ വീട്ടിലേക്കു പോകാറുള്ളത്. കോയമ്പത്തൂരിൽ ഐടി ഉദ്യോഗസ്ഥനായ അശോക് സംഭവസമയത്ത് ജോലി സ്ഥലത്തായിരുന്നു.
കുഴൽമന്ദം പൊലീസ് ഇൻക്വസ്റ്റ് നടത്തി. സംസ്കാരം ഇന്നു രാവിലെ പത്തിനു പാമ്പാടി ഐവർമഠം ശ്മശാനത്തിൽ. പരുക്കേറ്റ അമിത കുഴൽമന്ദം ഗുഡ് ഷെപ്പേഡ് ഇംഗ്ലിഷ് മീഡിയം സ്കൂളിലെ അധ്യാപികയാണ്.













