Kerala

ഷിംജിതയ്ക്ക് പൊലീസിൽ നിന്നും അനാവശ്യ പരിഗണന’: ആരോപണവുമായി ദീപക്കിന്റെ കുടുംബം

കോഴിക്കോട് ∙ ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ചു സമൂഹമാധ്യമങ്ങളിലൂടെ വിഡിയോ ദൃശ്യം പ്രചരിപ്പിച്ചതിനു അറസ്റ്റിലായ ഷിംജിത മുസ്തഫയ്ക്ക് പൊലീസിന്റെ ഭാഗത്തുനിന്നും അനാവശ്യ പരിഗണന ലഭിക്കുന്നതായി ആത്മഹത്യ ചെയ്ത ദീപക്കിന്റെ കുടുംബം. പൊലീസിന്റെ ഭാഗത്തുനിന്നുള്ള പ്രവൃത്തികൾ കാണുന്നവർക്ക് തന്നെ ആക്ഷേപമാണെന്ന് ദീപക്കിന്റെ പിതാവ് ചോയി പറഞ്ഞു.

വടകരയിലെ ബന്ധുവീട്ടിൽനിന്നും ഷിംജിതയെ സ്വകാര്യ വാഹനത്തിലാണ് പൊലീസ് കൊണ്ടുപോയത്. കണ്ണിൽ പൊടിയിടാൻ വേണ്ടിയാണ് പൊലീസ് ഇതൊക്കെ ചെയ്യുന്നതെന്നും ചോയി ആരോപിച്ചു. കസ്റ്റഡിയിലെടുത്തശേഷം പ്രതിക്ക് വേഷം മാറുന്നതിനു പൊലീസ് അവസരമൊരുക്കിയെന്നും ദീപക്കിന്റെ ബന്ധു ആരോപിച്ചു. അതേസമയം ബസിലെ സിസിടിവി ദൃശ്യങ്ങളിൽ അസ്വാഭാവികമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. വിഡിയോ പ്രചരിച്ചതിന്റെ മനോവിഷമത്തിലാണ് ദീപക് ആത്മഹത്യ ചെയ്തത്. വിഡിയോ തന്റെ മാതാപിതാക്കളോ ബന്ധുക്കളോ കണ്ടാൽ വളരെ മോശമായ ലൈംഗിക വൈകൃതമുള്ളവനായി ചിത്രീകരിക്കും എന്ന് ദീപക് കരുതി.

അസിസ്റ്റന്റ് പ്രഫസർ യോഗ്യതയുള്ള, മുൻ പഞ്ചായത്ത് മെംബറായിരുന്ന ഷിംജിതയ്ക്ക് നിയമത്തെക്കുറിച്ച് കൃത്യമായ അവബോധമുണ്ടായിരുന്നു. ബസ് ജീവനക്കാരോട് ഒരു പരാതിയും പറഞ്ഞിട്ടില്ല. വടകര, പയ്യന്നൂർ തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലോ മറ്റു സ്ഥലങ്ങളിലോ യാതൊരു വിധ പരാതികളും നൽകിയിട്ടില്ല. ബസിൽ നിന്ന് സ്വാഭാവികമായി, ഒന്നും സംഭവിക്കാത്ത രീതിയിലാണ് ഷിംജിത ഇറങ്ങി പോയതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. യാത്രയ്ക്കിടെ ബസിൽ വച്ച് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ലൈംഗികാതിക്രമം നടത്തിയെന്ന രീതിയിൽ വിഡിയോ ചിത്രീകരിച്ച് വടകര സ്വദേശിയായ ഷിംജിത പ്രചരിപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ശനിയാഴ്ചയാണ് ദീപക് ആത്മഹത്യ ചെയ്തത്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.