കണ്ണൂര്‍ ∙ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷന്‍ മുറ്റത്ത് നിര്‍ത്തിയിട്ട പൊലീസ് വാഹനം തകര്‍ത്തു. കണ്ണൂർ കാട്ടാമ്പള്ളിയിലാണ് സംഭവം.കൊറ്റാളി ആയുര്‍വേദ ആശുപത്രിക്ക് സമീപത്ത് താമസിക്കുന്ന തമിഴ്നാട് സ്വദേശി എം. പരമശിവം ആണ് പൊലീസ് ജീപ്പിന്റെ ചില്ല് തലകൊണ്ട് ഇടിച്ചു തകർത്തത്. നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. ഇന്നലെ രാത്രി ഒൻപതോടെയാണ് സംഭവം. പ്രതിയുടെ താമസ സ്ഥലത്തിനടുത്തുള്ള ബന്ധുവീട്ടിൽ എത്തിയതായിരുന്നു പതിനൊന്ന് വയസുകാരിയായ പെൺകുട്ടി.
സമീപത്ത് ആരും ഇല്ലാത്ത നേരത്ത് പ്രതി കുട്ടിയെ കടന്നു പിടിക്കുകയായിരുന്നു. നിലവിളിച്ച് കുതറി ഓടിയ പെൺകുട്ടി അയൽവാസികളോടു വിവരം പറഞ്ഞു. പരമശിവത്തെ നാട്ടുകാർ തടഞ്ഞുവയ്ക്കുകയും പൊലീസിൽ അറിയിക്കുകയുമായിരുന്നു. സ്റ്റേഷനിലെത്തിച്ചപ്പോഴാണ് മുറ്റത്ത് നിര്‍ത്തിയിട്ട ജീപ്പിന്റെ ചില്ല് തലകൊണ്ട് ഇടിച്ചു തകർത്തത്. അക്രമാസക്തനായ പ്രതിയെ പൊലീസ് ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തി. ഇയാൾക്കെതിരെ പോക്സോ കുറ്റം ഉൾപ്പെടെ ചുമത്തി കോടതിയിൽ ഹാജരാക്കി.













