മുംബൈ∙ തോളിലെ വേദനയ്ക്ക് ആശ്വാസം തേടി അർബൻ കമ്പനി ആപ്പ് വഴി മസാജ് സേവനം ബുക്ക് ചെയ്ത 46 വയസ്സുകാരിയെ മസാജ് സെന്ററിലെ യുവതി മർദിച്ചു. മുടിക്ക് കുത്തിപ്പിടിക്കുകയും മുഖത്ത് ഇടിക്കുകയും ചെയ്തതായാണ് ആരോപണം. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
മസാജ് സെന്ററിലെ സ്ത്രീ കൊണ്ടുവന്ന വലിയ മസാജ് ബെഡിനെച്ചൊല്ലിയാണ് തർക്കം ആരംഭിച്ചത്. കൂടാതെ ഇവരുടെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയതിനെത്തുടർന്ന് സേവനം വേണ്ടെന്ന് വയ്ക്കാനും ബുക്കിങ് റദ്ദാക്കി റീഫണ്ട് ആവശ്യപ്പെടാനും യുവതി തീരുമാനിക്കുകയായിരുന്നു. ബുക്കിങ് റദ്ദാക്കിയതോടെ പ്രകോപിതയായ മസാജ് സെന്ററിലെ സ്ത്രീ, യുവതിയെ തെറി വിളിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. ഇതിനുപിന്നാലെ മുടിക്ക് കുത്തിപ്പിടിക്കുകയും മുഖത്ത് ഇടിക്കുകയും തറയിലേക്ക് തള്ളിയിടുകയും ചെയ്തു.
തടയാൻ ശ്രമിച്ച യുവതിയുടെ മകനെയും ഇവർ തള്ളിമാറ്റി. ഇവർ ഒരു ഭ്രാന്തിയാണെന്നും എന്റെ വീട്ടിൽ കയറി അമ്മയെ തല്ലുകയാണെന്നും മകൻ വിളിച്ചുപറയുന്നത് വൈറലായ വിഡിയോയിൽ കേൾക്കാം. സംഭവത്തിനു പിന്നാലെ യുവതി പൊലീസിനെ വിവരമറിയിച്ചെങ്കിലും പൊലീസ് എത്തുന്നതിന് മുൻപ് മസാജ് ചെയ്യാനെത്തിയ യുവതി അവിടെ നിന്നും കടന്നുകളഞ്ഞിരുന്നു.
അന്വേഷണത്തിൽ, അർബൻ കമ്പനി ആപ്പിൽ നൽകിയിരുന്ന മസാജ് ചെയ്യുന്ന സ്ത്രീയുടെ പേരും തിരിച്ചറിയൽ രേഖകളും തമ്മിൽ ചില സാങ്കേതിക പൊരുത്തക്കേടുകൾ ഉള്ളതായി പൊലീസ് കണ്ടെത്തി. വൈറലായ വിഡിയോയുടെ അടിസ്ഥാനത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.













