ആലപ്പുഴ ∙ കാണാതായ ഭാര്യയെ തേടി ദുരൂഹമായ ദ്വീപിലേക്ക് എത്തുന്ന ഭർത്താവിന്റെ ആകാംക്ഷ നിറഞ്ഞ യാത്രയെ ഗെയിം രൂപത്തിലാക്കി മലയാളി യുവാക്കൾ. 1980കളിലെ കേരളത്തിന്റെ പശ്ചാത്തലത്തിലാണ് ഗെയിം രൂപകൽപന ചെയ്തത്. 5 സുഹൃത്തുക്കൾ ചേർന്നൊരുക്കിയ ‘തെക്ക് ഐലൻഡ്’ എന്ന ഗെയിം അടുത്ത മാസം ഗെയിമിങ് പ്ലാറ്റ്ഫോമായ സ്റ്റീമിൽ റിലീസ് ചെയ്യും. ഹൊറർ അഡ്വഞ്ചർ വിഭാഗത്തിൽ കേരളത്തിൽ നിന്നുള്ള ആദ്യ 3ഡി ഗെയിമാണിത്. ഇതിനകം തന്നെ ലോകത്തിന്റെ പല ഭാഗത്തു നിന്നുമായി അയ്യായിരത്തിലേറെ ആളുകൾ ഗെയിം വിഷ്‌ലിസ്റ്റിൽ ഉൾപ്പെടുത്തി. ഇനിയും ആളുകൾ കൂടുന്നതോടെ സ്റ്റീം പ്ലാറ്റ്ഫോമിൽ ആദ്യം തന്നെ തെക്ക് ഐലൻഡ് ലിസ്റ്റ് ചെയ്യപ്പെടും. റോക്സ്റ്റർ ഗെയിംസിന്റെ ജിടിഎ സീരീസും മറ്റും വാഴുന്ന ഗെയിമിങ് ലോകത്താണു മലയാളി ഗെയിം ഇടംപിടിക്കാൻ പോകുന്നത്.
അലെസ് ഡെവ്സ് എന്ന എറണാകുളം കൈതാരം പൊഴമംഗലത്ത് അതുൽ ജോർജാണു ഗെയിം ഡയറക്ടറും സിഇഒയും. അതുലും ക്രിയേറ്റീവ് ഡയറക്ടർ തിരുവല്ല കാവുംഭാഗം മുഞ്ഞനാട്ടു വൈഷ്ണവത്തിൽ അശ്വിൻ സുനിൽകുമാറും ചേർന്നാണു ഗെയിം തയാറാക്കിയത്. കോട്ടയം കൊല്ലാട് പുത്തൻപറമ്പിൽ പി.എസ്.ആദിത്യൻ ഗെയിം ഓപ്പറേഷനിസ്റ്റും കണ്ണൂർ കാനൂൽ നാരായണ നിലയത്തിൽ പി.വി.അശ്വിൻ സെയ്ൽസ് ആൻഡ് മാർക്കറ്റിങ് ഹെഡും ആലുവ എടത്തല വടശ്ശേരി ഉഷസിൽ ആദി ഗോപകുമാർ മ്യൂസിക് ഡയറക്ടറുമാണ്.
ഇവരിൽ അശ്വിൻ സുനിൽകുമാർ, പി.വി.അശ്വിൻ, ആദിത്യൻ എന്നിവർ കോട്ടയം സെന്റ് ഗിറ്റ്സ് എൻജിനീയറിങ് കോളജിലെ അവസാന വർഷ എംസിഎ വിദ്യാർഥികളാണ്. കോളജിലെ പ്രോജക്ടുകളായി ഇവർ രണ്ടു ഗെയിമുകളാണു ചെയ്തത്. ബാച്ചിലെ മറ്റുള്ളവർ ഇന്റേൺഷിപ്പിനും മറ്റും പോകുമ്പോൾ 9 മാസമായി പൂർണമായും ഗെയിം നിർമാണത്തിലാണ്. സ്വന്തം വീടുകളിൽ ഇരുന്നാണു ഗെയിം നിർമാണം. ഇതുവരെയും പരസ്പരം കാണാത്തവരും കൂട്ടത്തിലുണ്ട്. അഞ്ചുപേരുടെയും ആദ്യ ഒത്തുകൂടൽ ഇന്നാണ്.
ആരുടെയും സാമ്പത്തിക സഹായം ഇല്ലാത്തതിനാൽ ചെലവു കുറഞ്ഞ മാർഗങ്ങൾ കണ്ടെത്തിയും ഇന്റർനെറ്റിൽ നിന്നു പഠിച്ചുമായിരുന്നു ഗെയിം നിർമാണം. ദൃശ്യങ്ങൾ സൃഷ്ടിക്കാൻ മോഷൻ ക്യാപ്ചർ ഷൂട്ട് ചെയ്യുന്നതിനു പകരം അശ്വിൻ സുനിൽകുമാർ അഭിനയിച്ചു മൊബൈലിൽ ഷൂട്ട് ചെയ്ത വിഡിയോ അനിമേഷനിലേക്കു മാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലർ ഹിറ്റായെന്നും ഗെയിം വിജയിക്കുമെന്ന പ്രതീക്ഷയിലാണെന്നും അഞ്ചുപേരും പറയുന്നു.
ഗെയിം നിർമാണത്തിൽ താൽപര്യമുള്ള അതുലും അശ്വിൻ സുനിൽകുമാറും ഗെയിമർമാരുടെ കൂട്ടായ്മയിലൂടെയാണു പരിചയപ്പെട്ടത്. അതുൽ സൃഷ്ടിച്ച തെക്ക് ഐലൻഡ് ഗെയിമിനെ നിലവാരം ഉയർത്തി വൻകിട കമ്പനികളുടെ ഗെയിമുകളോടു കിടപിടിക്കുന്ന ദൃശ്യങ്ങളും കഥാഗതിയുമാക്കാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു. ഇതോടെ അശ്വിന്റെ സഹപാഠികളെയും ഗെയിമിന്റെ ഭാഗമാക്കി. തരുൺ മൂർത്തി സംവിധാനം ചെയ്ത സൗദി വെള്ളക്ക, തുടരും എന്നീ സിനിമകളിൽ ലിറിക് വിഡിയോയും ബിഹൈൻഡ് ദ് സീൻസും എഡിറ്റ് ചെയ്തിട്ടുള്ള അശ്വിന്റെ സിനിമാ പരിചയമാണ് ആദിയെ ഗെയിമിന്റെ സംഗീതത്തിലെത്തിച്ചത്. സംഗീതസംവിധായകൻ ജേക്സ് ബിജോയിയുടെ അസിസ്റ്റന്റായിരുന്ന ആദി ഓഫിസർ ഓൺ ഡ്യൂട്ടിയിൽ ഒരു ഗാനം പാടുകയും ചെയ്തിരുന്നു.













