ലക്നൗ∙ വിവാഹ ചടങ്ങ് കഴിഞ്ഞതും യുവതി കുഞ്ഞിനു ജന്മം നൽകി. ഉത്തർപ്രദേശിലെ റാംപുർ ജില്ലയിലെ കുംഹാരിയ ഗ്രാമത്തിലാണ് ഈ അസാധാരണ സംഭവം. വിവാഹ ചടങ്ങുകൾ കഴിഞ്ഞശേഷം ഭർതൃവീട്ടിലെ അതിഥികൾ പിരിഞ്ഞുപോകും മുൻപാണ് നവവധുവിനു പ്രസവവേദന തുടങ്ങിയത്.
ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് കുംഹാരിയ ഗ്രാമത്തിൽ താമസിക്കുന്ന റിസ്വാൻ അയൽഗ്രാമത്തിലെ യുവതിയെ വിവാഹം ചെയ്തത്. വിവാഹത്തിനു മുൻപേ ഇരുവരും അടുത്ത ബന്ധം പുലർത്തിയിരുന്നു. തുടർന്ന് ബന്ധുക്കൾ ഇടപെട്ട് ആചാര പ്രകാരം ഇവരുടെ വിവാഹം നടത്തുകയായിരുന്നു. അതേസമയം, വിവാഹ ആവശ്യവുമായി യുവതിയുടെ ബന്ധുക്കൾ പൊലീസിനെ സമീപിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. തുടർന്ന് പൊലീസ് ഗ്രാമമുഖ്യനൊപ്പം ഇരുവീട്ടുകാരുമായി നടത്തിയ ചർച്ചകൾക്ക് ഒടുവിലാണ് വിവാഹത്തിലേക്ക് എത്തിയത്. ശേഷം വിവാഹ തീയതി നിശ്ചയിക്കുകയും ചെയ്തു.
വിവാഹ ആഘോഷങ്ങൾക്കായി ശനിയാഴ്ച വൈകുന്നേരത്തോടെ റിസ്വാനും ബന്ധുക്കളും ആഘോഷപൂർവം വധുവിന്റെ ഗ്രാമമായ ബഹാദൂർഗഞ്ചിലെത്തി. ആചാര പ്രകാരമുള്ള വിവാഹ കർമങ്ങൾ കഴിഞ്ഞ ശേഷം വധുവിനെയും കൂട്ടി റിസ്വാൻ വീട്ടിലേക്കു തിരിച്ചു. വരന്റെ വീട്ടിലെത്തിയ ശേഷമാണ് വധുവിന് കടുത്ത വയറുവേദന അനുഭവപ്പെട്ടത്. തുടർന്ന് ചികിത്സ തേടുകയായിരുന്നു. പെൺകുഞ്ഞിനാണ് യുവതി ജന്മം നൽകിയത്. വിവാഹ ദിവസം യുവതി പ്രസവിച്ച സംഭവം ഗ്രാമത്തിൽ ചർച്ചയായിരിക്കുയാണ്.














