ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. ഇരു സഭകളുടേയും സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി ദ്രൗപദി മുര്‍മു അഭിസംബോധന ചെയ്യും. ഇന്നു സഭയില്‍ മറ്റു നടപടികളില്ല. രണ്ടുഘട്ടങ്ങളായാണ് സമ്മേളനം ചേരുന്നത്. സമ്മേളനത്തിന് മുന്നോടിയായി എന്‍ഡിഎ, ഇന്ത്യാസഖ്യ മുന്നണികള്‍ യോഗം ചേരുന്നുണ്ട്.
ഇന്നുമുതല്‍ ഏപ്രില്‍ രണ്ടുവരെയാണ് പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളന കാലയളവ് നിശ്ചയിച്ചിട്ടുള്ളത്. ഫെബ്രുവരി ഒന്നിന് കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് പരിഗണിച്ച് ചില ജനപ്രിയ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും. ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം ഫെബ്രുവരി 13 ന് അവസാനിക്കും.
മാര്‍ച്ച് 9 മുതലാണ് രണ്ടാം ഘട്ട സമ്മേളനം തുടങ്ങുക. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുന്ന പുതിയ തൊഴിലുറപ്പ് ബില്ലിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. അതേസമയം പുതിയ തൊഴിലുറപ്പ് പദ്ധതിക്കും തൊഴിൽ കോഡിനുമെതിരായ പ്രതിഷേധം തണുപ്പിക്കാൻ കേന്ദ്ര ബജറ്റിൽ ചില പ്രഖ്യാപനങ്ങൾ ഉണ്ടായേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.














